യുദ്ധത്തില്‍ നേടാനാകാത്ത ആവശ്യങ്ങള്‍ യു എസ് ചര്‍ച്ചയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ഇറാന്‍

യുദ്ധത്തില്‍ നേടാനാകാത്ത ആവശ്യങ്ങള്‍ യു എസ് ചര്‍ച്ചയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ഇറാന്‍


തെഹ്‌റാന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്‍ നിര്‍ദേശത്തിന് യു എസ് നല്‍കിയ മറുപടിയില്‍ യാതൊരു നിര്‍ണായക ഇളവുകളും ഇല്ലെന്നും യുദ്ധത്തിലൂടെ നേടാനാകാത്ത ആവശ്യങ്ങള്‍ ചര്‍ച്ചകളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് വാഷിങ്ടണ്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങളുടെ ആരോപണം. 

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക അഞ്ച് പ്രധാന ആവശ്യങ്ങളടങ്ങിയ പട്ടികയാണ് മുന്നോട്ടുവെച്ചത്. അതില്‍ ഇറാനില്‍ ഒരു ആണവ കേന്ദ്രം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച മുഴുവന്‍ യുറേനിയം ശേഖരവും അമേരിക്കയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ചര്‍ച്ചകള്‍ക്ക് മുമ്പ് വിശ്വാസ്യത ഉറപ്പാക്കുന്ന ചില നടപടികള്‍ നടപ്പാക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അതിന് പകരം യാതൊരു വ്യക്തമായ ഇളവും നല്‍കാതെ് അമേരിക്ക അതിരുകടന്ന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ചര്‍ച്ചകള്‍ പ്രതിസന്ധിയിലാക്കുമെന്നും മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇറാന്‍ മുന്നോട്ടുവെച്ച പ്രധാന ഉപാധികളില്‍ എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, പ്രത്യേകിച്ച് ലബനനിലെ സംഘര്‍ഷം അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുക, ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കുക, യുദ്ധനാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാര അവകാശം ഔദ്യോഗികമായി അംഗീകരിക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന് യാതൊരു തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കില്ലെന്ന് യു എസ് വ്യക്തമാക്കിയതായും മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുന്നത് നിരസിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കൂടാതെ, ഏകദേശം 400 കിലോഗ്രാം യുറേനിയം അമേരിക്കന്‍ നിയന്ത്രണത്തിലേക്ക് മാറ്റണമെന്നും വാഷിങ്ടണ്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ ആണവ മേഖലയ്ക്ക് ദീര്‍ഘവും വ്യാപകവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും യു എസ് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ള മറ്റൊരു ആരോപണം. എല്ലാ മേഖലകളിലുമുള്ള യുദ്ധവിരാമം നടപ്പാക്കുന്നതിനു മുമ്പ് ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന നിബന്ധനയും അമേരിക്ക മുന്നോട്ടുവെച്ചതായും പറയുന്നു.

അമേരിക്കയുടെ കടുത്ത നിലപാടാണ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലാക്കുന്നതെന്നും ഇതുമൂലം  സ്തംഭനാവസ്ഥയില്‍ തുടരുകയാണെന്നും ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ആരോപിച്ചു.