ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ കെ രാജന്‍ (85) ആത്മഹത്യ ചെയ്തു. ഞായറാഴ്ച ചെന്നൈയിലെ അടയാര്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
തമിഴ് സിനിമാ മേഖലയില്‍ ദീര്‍ഘകാല സാന്നിധ്യമായിരുന്ന കെ രാജന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയായിരുന്നു. താരങ്ങളുടെ പ്രതിഫലം, സിനിമാ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി, വ്യവസായ രാഷ്ട്രീയങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പലപ്പോഴും ശക്തമായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്നു.
മകന്‍ പ്രഭുകാന്ത് തമിഴ് സിനിമയില്‍ സംവിധായകനായി സജീവമാണ്. എല്‍ കെ ജി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ചിത്രത്തില്‍ ആര്‍ ജെ ബാലാജി പ്രധാന വേഷത്തിലെത്തിയിരുന്നു.
കെ രാജന്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ദുഃഖകരമാണെന്നും നടന്‍ വിശാല്‍ പറഞ്ഞു. ധൈര്യത്തോടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും കുറിച്ചു.
സിനിമാ കുടുംബത്തിലെ പ്രിയപ്പെട്ട അംഗമായ കെ രാജന്‍ സാറിന്റെ വേര്‍പാട് ഏറെ വേദനാജനകമാണെന്നും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ പറഞ്ഞു.
നടന്‍ ആര്‍ ശരത് കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
1983-ല്‍ പുറത്തിറങ്ങിയ ബ്രഹ്മചാരികള്‍ എന്ന ചിത്രത്തിലൂടെയാണ് കെ രാജന്‍ നിര്‍മാതാവായി സിനിമയിലെത്തിയത്. തുടര്‍ന്ന് ഡബ്ള്‍സ്, അവള്‍ പാവം, നിനൈക്കാത്ത നാളില്ലൈ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.
സംവിധായകനായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നമ്മ ഊരു മാരിയമ്മ, ഉണര്‍ച്ചിഗല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിഴല്‍കള്‍ രവി, ആര്‍ ശരത്കുമാര്‍ എന്നിവര്‍ അഭിനയിച്ച ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
നിര്‍മാണത്തിനും സംവിധാനത്തിനും പുറമെ അഭിനയരംഗത്തും കെ രാജന്‍ സജീവമായിരുന്നു. മൈക്കല്‍ രാജ്, സ്വന്തക്കാരന്‍, വിട്ടോട മാപ്പിളൈ, പാമ്പുസട്ടൈ, തുണിവു ബകാസുരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
