ഒട്ടാവ: ഹാന്റാവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ യാത്ര ചെയ്തിരുന്ന കാനഡ സ്വദേശികളിൽ ഒരാൾക്ക് പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിളുകൾ വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ പൊതുജനാരോഗ്യ ഓഫീസറായ ഡോ. ബോണി ഹെന്റിയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് എഴുപതുകളിൽ പ്രായമുള്ള ദമ്പതികളിൽ ഒരാൾക്കാണ്. രണ്ട് ദിവസം മുൻപ് പനി, തലവേദന തുടങ്ങിയ ലഘുലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഇരുവരെയും വിക്ടോറിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ ലക്ഷണങ്ങൾ ഗുരുതരമല്ലെന്നും ഡോ. ഹെന്റി പറഞ്ഞു. ഐസൊലേഷനിൽ തുടരുന്ന ഇവർക്ക് ആവശ്യമായ ചികിത്സയും നിരീക്ഷണവും നൽകുന്നുണ്ട്. മറ്റേയാൾക്ക് വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ഹാന്റാവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എംവി ഹോണ്ടിയസ് കപ്പലിൽ ഇതുവരെ മൂന്ന് പേർ മരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നപ്പോൾ ആകെ 12 കേസുകളാണ് കണ്ടെത്തിയത്. ഇപ്പോഴത്തെ കാനഡ സ്വദേശിയുടെ രോഗബാധ അന്തിമമായി സ്ഥിരീകരിച്ചാൽ കപ്പലുമായി ബന്ധപ്പെട്ട പത്താമത്തെ സ്ഥിരീകരിച്ച കേസായിരിക്കും ഇത്.
മരിച്ചവരിൽ ദക്ഷിണ അമേരിക്ക സന്ദർശിച്ചിരുന്ന ഡച്ച് ദമ്പതികളും ഉൾപ്പെടുന്നു. ഇവരിലൂടെയാണ് വൈറസ് ആദ്യം പടർന്നതെന്നാണ് ആരോഗ്യ അധികൃതരുടെ നിഗമനം.
കാനഡയിൽ തിരിച്ചെത്തിയ നാലപേരും മേയ് 10 മുതൽ ഐസൊലേഷനിലായിരുന്നു. യകോണിൽ നിന്നുള്ള എഴുപതുകളിലുള്ള ദമ്പതികൾക്കൊപ്പം വാങ്കൂവർ ദ്വീപിൽ നിന്നുള്ള മറ്റൊരാളും വിദേശത്ത് താമസിക്കുന്ന അൻപതുകളിലുള്ള ബ്രിട്ടീഷ് കൊളംബിയ സ്വദേശിയും സംഘത്തിലുണ്ടായിരുന്നു.
അതേസമയം ഹാന്റാവൈറസിന് കോവിഡ് പോലുള്ള മഹാമാരി സാധ്യതയില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോ. ബോണി ഹെന്റി വ്യക്തമാക്കി. രോഗബാധിതർ ബ്രിട്ടീഷ് കൊളംബിയയിൽ എത്തിയ നിമിഷം മുതൽ തന്നെ കർശനമായ അണുബാധ നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അധിക ഭീഷണി നിലവിലില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ക്രൂയിസ് കപ്പലിൽ ഹാന്റാവൈറസ് പടർന്നു; കാനഡയിൽ ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചു
