മെക്‌സിക്കോ: അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്ത് ആരംഭിച്ച മീസിൽസ് വ്യാപനം അതിർത്തി കടന്ന് മെക്‌സിക്കോയിലേക്കെത്തിയതോടെ വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് രാജ്യം വഴുതിവീണു. 2025 തുടക്കത്തിൽ നിന്ന് ഇതുവരെ മെക്‌സിക്കോയിൽ മീസിൽസ് ബാധയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 40 പേർ മരിച്ചതായും 17,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്താൽ തടയാനാകുന്ന രോഗമാണ് മീസിൽസ്. എന്നാൽ രോഗബാധിതരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചിരുന്നില്ല.
ടെക്‌സസിലെ സെമിനോൾ പട്ടണത്തിലേക്കു ബന്ധുക്കളെ കാണാൻ പോയ ഒൻപത് വയസുകാരനിലൂടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. യാത്ര കഴിഞ്ഞ് മെക്‌സിക്കോയിലെ ചിഹുവാഹുവ സംസ്ഥാനത്തെ വീട്ടിലെത്തിയ കുട്ടിക്ക് പനി, ചർമ്മത്തിൽ ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. ഏതാനും ആഴ്ചകൾക്കകം കുട്ടിയുടെ സ്‌കൂളിലെ നിരവധി വിദ്യാർഥികൾക്കും രോഗം പടർന്നു. ഒടുവിൽ സ്‌കൂൾ അടയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി.
ടെക്‌സസിലെ സെമിനോൾ പട്ടണം അമേരിക്കയിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മീസിൽസ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരുന്നു. അവിടെ നിന്നാണ് വൈറസ് മെക്‌സിക്കോയിലേക്കെത്തിയതെന്നാണ് ആരോഗ്യ അധികൃതരുടെ നിഗമനം. ചിഹുവാഹുവയിലെ മെനോനൈറ്റ് സമൂഹത്തിലാണ് ആദ്യം രോഗം കണ്ടെത്തിയത്. പിന്നീട് കൃഷിത്തൊഴിലാളികളിലേക്കും ആദിവാസി മേഖലകളിലേക്കും രോഗം വ്യാപിച്ചു.
മീസിൽസ് വൈറസ് അതിവേഗം പകരുന്ന രോഗങ്ങളിലൊന്നാണ്. ചുമ, തുമ്മൽ, സംസാരം എന്നിവയിലൂടെ പോലും വൈറസ് പകരാം. രോഗബാധിതനായ ഒരാൾക്ക് 18 പേരിലേക്കുവരെ വൈറസ് പകരാൻ കഴിയും. വായുവിൽ വൈറസ് രണ്ട് മണിക്കൂർ വരെ നിലനിൽക്കാനും സാധ്യതയുണ്ട്.
ചിഹുവാഹുവ സംസ്ഥാനത്ത് നടത്തിയ ജനിതക പരിശോധനയിൽ കണ്ടെത്തിയ വൈറസ് , കാനഡയിൽ 2024ൽ റിപ്പോർട്ട് ചെയ്തതും പിന്നീട് ടെക്‌സസിൽ കണ്ടെത്തിയതുമായ ഡി8 വിഭാഗത്തിലുള്ള മീസിൽസ് വൈറസിനോടു സമാനമാണെന്ന് കണ്ടെത്തി. പിന്നീട് ഇത് മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.
വാക്‌സിനേഷൻ കുറഞ്ഞതാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു സമൂഹത്തിൽ കുറഞ്ഞത് 95 ശതമാനം പേർക്ക് എംഎംആർ വാക്‌സിൻ നൽകിയാലേ മീസിൽസ് പടരുന്നത് തടയാനാകൂ. എന്നാൽ ചിഹുവാഹുവയിലെ ചില മെനോനൈറ്റ് പ്രദേശങ്ങളിൽ വാക്‌സിൻ സ്വീകരിച്ചിരുന്നത് 30 ശതമാനം പേർ മാത്രമാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ടെക്‌സസിലും വാക്‌സിനെതിരായ പ്രചാരണങ്ങൾ ശക്തമായിരുന്നു. സെമിനോളിലെ കിൻഡർഗാർട്ടൻ കുട്ടികളിൽ വെറും 77 ശതമാനം പേർക്കാണ് 2024-25 അധ്യയന വർഷത്തിൽ മീസിൽസ് വാക്‌സിൻ നൽകിയിരുന്നത്. വാക്‌സിനെതിരായ തെറ്റായ വിവരങ്ങൾ അമേരിക്കയിൽ നിന്ന് മെക്‌സിക്കോയിലേക്കും വ്യാപിച്ചതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മെക്‌സിക്കോയിൽ പ്രധാന പ്രശ്‌നം വാക്‌സിനെതിരായ ആശയപ്രചാരണമല്ല, ആരോഗ്യ സംവിധാനത്തിലെ വീഴ്ചകളാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് മഹാമാരിക്കുശേഷമുള്ള ആരോഗ്യ മേഖലാ പ്രതിസന്ധി, ധനക്ഷാമം, വാക്‌സിൻ വിതരണത്തിലെ കുറവ് എന്നിവ രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് പദ്ധതിയെ ബാധിച്ചു. 2024ൽ ചിഹുവാഹുവ മേഖലയിലെ ഒരു വയസുകാരിൽ രണ്ടിൽ മൂന്നപേർക്കു മാത്രമാണ് ആദ്യ മീസിൽസ് വാക്‌സിൻ ലഭിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രോഗവ്യാപനം രൂക്ഷമായതോടെ മെക്‌സിക്കോ സർക്കാർ വ്യാപക വാക്‌സിനേഷൻ ക്യാംപെയ്ൻ ആരംഭിച്ചു. മെനോനൈറ്റ് മേഖലകളിൽ പ്രാദേശിക ഭാഷയിലേക്കു വിവരങ്ങൾ വിവർത്തനം ചെയ്ത് ആരോഗ്യപ്രവർത്തകർ വീടതോറും എത്തി വാക്‌സിൻ നൽകി. രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 2.5 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
വ്യാപനം ഇപ്പോൾ കുറഞ്ഞുവരുന്നുവെങ്കിലും ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മീസിൽസ് ബാധിച്ചതിന് ശേഷം കുട്ടികളുടെ പ്രതിരോധശേഷി ദുർബലമാകാനും അപൂർവമായി തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ടെക്‌സസിൽ നിന്നെത്തിയ വൈറസ് മെക്‌സിക്കോയെ വിറപ്പിച്ചു; വാക്‌സിൻ കുറവ് , വൻ ദുരന്തമായി മീസിൽസ്
