ഒന്റാറിയോ: കോവിഡ് മഹാമാരിക്കാലത്ത് വന്‍തോതില്‍ വാക്‌സിന്‍ ക്ലിനിക്കുകള്‍ സംഘടിപ്പിച്ച ഒരു കിംഗ്സ്റ്റണ്‍ ഡോക്ടര്‍ക്ക് ആ സേവനങ്ങള്‍ക്ക് നല്‍കിയതായി കണക്കാക്കിയ ഏകദേശം ആറു ലക്ഷം കാനഡ ഡോളര്‍ തിരിച്ചടയ്ക്കണമെന്ന് നിര്‍ദേശിച്ച കേസില്‍ നിര്‍ണായക മാറ്റം. കേസ് കേള്‍ക്കാന്‍ ഒന്റാറിയോ അപ്പീല്‍ കോടതി തയ്യാറാകില്ലെന്ന് തീരുമാനിച്ചതോടെ നിയമ പോരാട്ടത്തില്‍ താത്ക്കാലിക ആശ്വാസം ലഭിച്ചതായി ഡോക്ടര്‍ പ്രതികരിച്ചു.
ഡോ. എലൈന്‍ മാ മഹാമാരിയുടെ തുടക്കകാലത്ത് 48 വലിയ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. മറ്റ് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു.
2024-ല്‍ ഒന്റാറിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ ഈ സേവനങ്ങള്‍ക്ക് നല്‍കിയിരുന്ന ഫീസ് തിരികെ നല്‍കണമെന്ന് ഉത്തരവിട്ടു. ഏകദേശം 600,000 കാനഡ ഡോളറും കൂടാതെ 35,000 ഡോളര്‍ പലിശയും തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദേശം.
കേസിനെ തുടര്‍ന്ന് വിഷയം ഹെല്‍ത്ത് സര്‍വീസസ് അപ്പീല്‍ ആന്‍ഡ് റിവ്യൂ ബോര്‍ഡില്‍ എത്തുകയും സ്വതന്ത്ര ട്രൈബ്യൂണലായ ഈ ബോര്‍ഡ് സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് തിരിച്ചടവ് ആവശ്യമായതാണെന്ന് വിധിക്കുകയും ചെയ്തു.
പിന്നീട് കേസ് കോടതിയിലേക്ക് എത്തിയെങ്കിലും ഈ മാസം ഒന്റാറിയോ അപ്പീല്‍ കോടതി കേസ് കേള്‍ക്കാന്‍ തയ്യാറാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ഇനിയും കേസ് എങ്ങനെ മുന്നോട്ട് പോകുമെന്നത് വ്യക്തമായിട്ടില്ല. കേസ് വീണ്ടും ഹെല്‍ത്ത് സര്‍വീസസ് അപ്പീല്‍ ആന്‍ഡ് റിവ്യൂ ബോര്‍ഡില്‍ മടങ്ങിയേക്കാമെന്നും എന്നാല്‍ പുതിയ തിയ്യതി ലഭിച്ചിട്ടില്ലെന്നും ഡോ. മാ അറിയിച്ചു.
വാക്‌സിന്‍ ക്ലിനിക്കുകള്‍ നടത്തുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബില്ലിംഗ് സംവിധാനത്തില്‍ പ്രവേശനം ഇല്ലാത്തതിനാല്‍ തന്റെ പേരിലാണ് ബില്ലുകള്‍ നല്‍കിയതെന്ന് കിംഗ്സ്റ്റണ്‍ ഡോക്ടര്‍ പറയുന്നു. ക്ലിനിക്കുകള്‍ നടത്തുന്നതിന്റെ ഒരുക്കച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് തന്നെയാണ് തുക ലഭിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു.
മഹാമാരിക്കാലത്ത് ഏറ്റവും ശരിയായത് ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും മെഡിക്കല്‍ അടിയന്തരാവസ്ഥയില്‍ ഡോക്ടറായി താന്‍ ശരിയായത് തന്നെയാണ് ചെയ്തതെന്നും അതില്‍ എനിക്ക് ഖേദമില്ലെന്നും ഡോ. മാ പറഞ്ഞു.
അതേസമയം, ഈ കേസിനെ തുടര്‍ന്ന് ഭാവിയില്‍ ചില ഡോക്ടര്‍മാര്‍ ഡ്രൈവ്-ത്രൂ വാക്‌സിന്‍ ക്ലിനിക്കുകള്‍ പോലുള്ള നവീന സംവിധാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയിട്ടുണ്ടാകാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഒന്റാറിയോ മെഡിക്കല്‍ അസോസിയേഷന്‍ ഈ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. മഹാമാരിക്കാലത്ത് ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരമൊരു നിയമനടപടി ഉണ്ടാകുന്നതെന്ന് പ്രസിഡന്റ് ഡോ. റെബേക്ക ഹിക്‌സ് അഭിപ്രായപ്പെട്ടു. ഇത് ഭാവിയില്‍ ഡോക്ടര്‍മാരുടെ നവീകരണ മനോഭാവത്തെ ബാധിക്കുമെന്നും നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവരെ പോലും ലക്ഷ്യമിടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
