തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ യുഡിഎഫ് മുന്നണിക്കുള്ളില്‍ പുതിയ വിവാദം ശക്തമാകുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിനും ലത്തീന്‍ സഭയ്ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ലത്തീന്‍ സഭ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്‌ലിം ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കാനുള്ള നീക്കത്തോടും സഭ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.
ലത്തീന്‍ സഭയെയും തീരദേശ ജനങ്ങളെയും വെറും വോട്ട് ബാങ്കായി മാത്രമാണ് കോണ്‍ഗ്രസും യുഡിഎഫും കണ്ടതെന്ന് അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു. യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച തീരദേശ സമൂഹത്തെ മന്ത്രിസഭ രൂപീകരണത്തില്‍ പൂര്‍ണമായി അവഗണിച്ചുവെന്നാണ് സഭയുടെ വിമര്‍ശനം.
ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള നാല് എംഎല്‍എമാര്‍ വിജയിച്ചിട്ടും ഒരാളെപ്പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെന്നത് കടുത്ത നിരാശയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് മുതിര്‍ന്ന നേതാവായ എം. വിന്‍സെന്റിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ സഭ പ്രതിഷേധം അറിയിച്ചു.
മന്ത്രിസഭാ ചര്‍ച്ചകളില്‍ ചിലരുടെ വ്യക്തിപരമായ സ്വാധീനമാണ് നിര്‍ണായകമായതെന്നും അതിന്റെ ഫലമായി മത്സ്യമേഖല വീണ്ടും പിന്നാക്കം പോകുകയാണെന്നും ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തി. വികസന വെല്ലുവിളികള്‍ നേരിടുന്ന തീരദേശ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയുടെ ആവശ്യങ്ങള്‍ നേരത്തേ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അവ പൂര്‍ണമായും അവഗണിക്കപ്പെട്ടുവെന്നാണ് ആരോപണം. ഈ അവഗണനയ്‌ക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളില്‍ വിവിധ രൂപങ്ങളില്‍ പ്രകടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഔദ്യോഗികമായി ബഹിഷ്‌കരിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സഭ നേതൃത്വം വ്യക്തമാക്കി. കാപ്പന്റെ അതൃപ്തിക്ക് പിന്നാലെ ലത്തീന്‍ സഭയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത് യുഡിഎഫ് നേതൃത്വത്തിന് പുതിയ സമ്മര്‍ദ്ദമായി മാറിയിരിക്കുകയാണ്.
മന്ത്രിസഭയില്‍ ലത്തീന്‍ സഭയ്ക്ക് അവഗണനയെന്ന് വിമര്‍ശനം; സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാന്‍ ആലോചന
