വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; മുരളി അസംതൃപ്തന്‍

വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; മുരളി അസംതൃപ്തന്‍


തിരുവനന്തപുരം: യു ഡി എഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. യു ഡി എഫ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരന്‍ കടുത്ത അതൃപ്തിയില്‍. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍ വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം.

നേരത്തെ ആരോഗ്യവകുപ്പാണ്  മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വി ഡി സതീശന്‍ മന്ത്രിസഭയില്‍ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ പി അനില്‍കുമാറിനാണ് ആരോഗ്യം ലഭിച്ചിരിക്കുന്നത്. 2004ല്‍ എ കെ ആന്റണി മന്ത്രിസഭയിലും മുരളീധരന്‍ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്. 

മുഖ്യമന്ത്രിയായ വി ഡി സതീശന്‍ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായകമായ ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളാണ് നല്‍കിയിട്ടുള്ളത്. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും കെ മുരളീധരന്‍ വൈദ്യുതി മന്ത്രിയായും ചുമതലയേല്‍ക്കും. 

പി സി വിഷ്ണുനാഥ് (ടൂറിസം, സാംസ്‌കാരികം), എ പി അനില്‍കുമാര്‍ (ആരോഗ്യം), ടി സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം ലിജു (എക്സൈസ്, സഹകരണം), ഒ ജെ ജനീഷ് (യുവജനക്ഷേമം), കെ എ തുളസി, റോജി എം ജോണ്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റ് മന്ത്രിമാര്‍.

മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. വിമര്‍ശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ലീഗ് മന്ത്രിമാരാകും.

സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും ടേം വ്യവസ്ഥ ഉറപ്പിച്ചു

സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വേങ്ങരയില്‍ നിന്നുള്ള എം എല്‍ എയായ കെ എം ഷാജിയുടെ നിയമസഭയിലേക്കുള്ള മൂന്നാം വരവാണിത്. മുമ്പ് കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നാണ് കെ എം ഷാജി രണ്ട് തവണ നിയമസഭയിലെത്തിയത്. യൂത്ത് ലീഗ് മുന്‍ അധ്യക്ഷനാണ്.

മണ്ണാര്‍ക്കാട് നിന്ന് നാലാം തവണയാണ് എന്‍ ഷംസുദ്ദീന്‍ നിയമസഭയിലേക്ക് എത്തുന്നത്. ആദ്യമായാണ് എന്‍ ഷംസുദ്ദീന്‍ മന്ത്രിയാകുന്നത്.

മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവായ പി കെ ബഷീര്‍ ഏറനാട് എം എല്‍ എയാണ്. ഇത് നാലാം തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്ന സീതി ഹാജിയുടെ മകനാണ് പി കെ ബഷീര്‍.

അബ്ദുല്‍ ഗഫൂര്‍ കളമശ്ശേരിയില്‍ നിന്ന് ആദ്യമായി എം എല്‍ എയാവുകയാണ്. മന്ത്രിയായിരുന്ന പി രാജീവിനെ പരാജയപ്പെടുത്തി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനാണ് അബ്ദുല്‍ ഗഫൂര്‍. എം എസ് എഫിലൂടെയായിരുന്നു തുടക്കം. യൂത്ത് ലീഗിലൂടെ സജീവമായി. പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്നു അബ്ദുല്‍ ഗഫൂര്‍.