സ്‌റ്റോക്ക്‌ഹോം: അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ മൂന്നാം ഘട്ടമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച സ്വീഡനിലെത്തി. ഗോതന്‍ബര്‍ഗ് ലാന്‍ഡ്വെറ്റര്‍ വിമാനത്താവളത്തിലെത്തിയ മോഡിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ നേരിട്ടെത്തി സ്വീകരിച്ചത് പ്രത്യേക നയതന്ത്ര സൗഹൃദ സൂചനയായി വിലയിരുത്തപ്പെടുന്നു.
മോഡിയുടെ വിമാനം സ്വീഡന്‍ വ്യോമപരിധിയില്‍ പ്രവേശിച്ചതിന് പിന്നാലെ സ്വീഡിഷ് ഗ്രിപ്പന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കിയതും ശ്രദ്ധേയമായി.
ഗോതന്‍ബര്‍ഗ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ച പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സന്റെ സൗഹൃദ നടപടിക്ക് നന്ദിയെന്നും സന്ദര്‍ശനം ഇന്ത്യ- സ്വീഡന്‍ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്വീകരണത്തിന് നന്ദി അറിയിച്ച് മോഡി എക്‌സില്‍ കുറിച്ചു.
യു എ ഇയും നെതര്‍ലന്‍ഡ്‌സും സന്ദര്‍ശിച്ച ശേഷമാണ് നരേന്ദ്ര മോഡി സ്വീഡനിലെത്തിയത്.
പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, നിക്ഷേപം, നവീകരണം, പ്രതിരോധം, ഹരിത പരിവര്‍ത്തനം, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും.
2018ല്‍ നടന്ന ആദ്യ ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമുള്ള മോ[ിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ ഇന്ത്യ- സ്വീഡന്‍ ഉഭയകക്ഷി വ്യാപാരം 7.75 ബില്യണ്‍ ഡോളറിലെത്തി. 2000 മുതല്‍ 2025 വരെ സ്വീഡനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 2.825 ബില്യണ്‍ ഡോളറാണ്.
നിര്‍മിത ബുദ്ധി, കാലാവസ്ഥാ നടപടി, സ്റ്റാര്‍ട്ടപ്പുകള്‍, വിതരണ ശൃംഖല സുരക്ഷ, ബഹിരാകാശ സഹകരണം, പ്രതിരോധ നിര്‍മാണം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ട്.
യൂറോപ്പിലെ ഏറ്റവും നവീകരണാധിഷ്ഠിത സമ്പദ്വ്യവസ്ഥകളിലൊന്നായ സ്വീഡന്‍ ഭാവി സാങ്കേതികവിദ്യകളില്‍ ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതല്‍ വിപുലപ്പെടുത്താന്‍ താത്പര്യം പ്രകടിപ്പിച്ചുവരികയാണ്.
