തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി വേദിയിലെ സാന്നിധ്യത്തെ കുറിച്ച് ലോക്ഭവന്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ വേദിയില്‍ ഉണ്ടാകാവൂ എന്നും മറ്റാര്‍ക്കും പ്രവേശനമുണ്ടാകില്ലെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന വിവരം പ്രോട്ടോകോള്‍ വിഭാഗം ലോക്ഭവനെ അറിയിച്ചതിന് പിന്നാലെയാണ് ഈ നിര്‍ദേശം വന്നത്. സത്യപ്രതിജ്ഞ വേദിയില്‍ ആരെല്ലാം ഉണ്ടാകാമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ലോക്ഭവന്റേതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് വിപുലമായി സംഘടിപ്പിക്കാനാണ് യുഡിഎഫ് നീക്കം. രാഹുല്‍ ഗാന്ധിയെയും വിവിധ സംസ്ഥാന നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വേദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തമിഴ്‌നാട്ടില്‍ അടുത്തിടെ നടന്ന ടിവികെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ആ ചടങ്ങിന് ശേഷമുള്ള ചില സംഭവവികാസങ്ങളില്‍ ലോക്ഭവന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും കേരളം മാതൃകാപരമായ രീതിയില്‍ ചടങ്ങ് നടത്തണമെന്നും നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പശ്ചിമ ബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്മാരും കേന്ദ്രമന്ത്രിമാരും വേദിയില്‍ സാന്നിധ്യമറിയിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം പ്രത്യേക നിയന്ത്രണം കൊണ്ടുവന്നതില്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അസന്തോഷം ഉയരുന്നുണ്ട്.
സത്യപ്രതിജ്ഞ വേദിയില്‍ നിയന്ത്രണം; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും മാത്രം മതിയെന്ന് ലോക്ഭവന്‍
