മുടിപൊഴിച്ചിലിന് ചികിത്സ തേടി ശ്രീനഗറിലെത്തി; ഇന്ത്യയിൽ സ്ലീപ്പർ സെൽ ഒരുക്കാൻ എത്തിയ ലഷ്‌കർ ഭീകരന്റെ വെളിപ്പെടുത്തൽ

മുടിപൊഴിച്ചിലിന് ചികിത്സ തേടി ശ്രീനഗറിലെത്തി; ഇന്ത്യയിൽ സ്ലീപ്പർ സെൽ ഒരുക്കാൻ എത്തിയ ലഷ്‌കർ ഭീകരന്റെ വെളിപ്പെടുത്തൽ


ശ്രീനഗർ: ഇന്ത്യയിൽ കടന്ന് സ്ലീപ്പർ സെല്ലുകൾ സ്ഥാപിച്ച് ഭീകരാക്രമണങ്ങൾ നടത്താനെത്തിയ പാകിസ്ഥാൻ സ്വദേശിയായ ലഷ്‌കർഇതയ്ബ (LeT) ഭീകരൻ ശ്രീനഗറിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ നടത്തിയതായി അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. കഴിഞ്ഞ മാസം ശ്രീനഗർ പൊലീസ് പിടികൂടിയ  'ചൈനീസ്' എന്നറിയപ്പെടുന്ന മുഹമ്മദ് ഉസ്മാൻ ജട്ട് എന്ന ഭീകരനാണ് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാഹോർ സ്വദേശിയായ ജട്ടിനെ ഇന്ത്യയ്ക്കു പുറത്തും ജമ്മു-കശ്മീരിന് അകത്തും സ്ലീപ്പർ സെല്ലുകൾ സജ്ജമാക്കി ഭീകരാക്രമണങ്ങൾ നടത്താൻ ലഷ്‌കർ നേതൃത്വം നിയോഗിച്ചിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. എന്നാൽ കശ്മീരിലെ സാധാരണ ജനജീവിതം നേരിട്ട് കണ്ടതോടെ തന്റെ ചിന്താഗതിയിൽ മാറ്റമുണ്ടായെന്നും ജട്ട് മൊഴി നൽകിയതായി അന്വേഷണ സംഘം പറയുന്നു.

വർഷങ്ങളായി കടുത്ത മുടിപൊഴിച്ചിൽ മൂലം ബുദ്ധിമുട്ടിയിരുന്നുവെന്നും അതു തന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിരുന്നുവെന്നും ജട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സയെക്കുറിച്ച് കേട്ടിരുന്നെങ്കിലും അതു പാശ്ചാത്യ രാജ്യങ്ങളിലെ സമ്പന്നർക്കു മാത്രമുള്ള സൗകര്യമാണെന്നായിരുന്നു തന്റെ ധാരണയെന്നും ഇയാൾ വ്യക്തമാക്കി.

ശ്രീനഗറിന്റെ മലയോര മേഖലയിൽ കഴിയുന്നതിനിടെ പാകിസ്ഥാൻ ഭീകരരായ സർഗം, അബ്ദുള്ള അഥവാ അബു ഹുറൈറ എന്നിവരുമായി പരിചയപ്പെട്ടു. സർഗമാണ് ഒരു കടയുടമയുമായി പരിചയപ്പെടുത്തിയത്. ഹെയർ ട്രാൻസ്പ്ലാന്റ് നടത്തിയ അനുഭവം കടയുടമ പങ്കുവച്ചതോടെയാണ് ചികിത്സയിലേക്കുള്ള താൽപര്യം ജട്ടിന് ഉണ്ടായത്. പിന്നീട് ഇയാളുടെ സഹായത്തോടെ ശ്രീനഗറിലെ ഒരു ക്ലിനിക്കിൽ ചികിത്സ നടത്തുകയായിരുന്നു. ചില ദിവസങ്ങളിൽ ക്ലിനിക്കിൽ രാത്രിയിലും താമസിക്കേണ്ടി വന്നതായും അന്വേഷണത്തിൽ വ്യക്തമായി.

ചികിത്സയ്ക്കുശേഷം അബ്ദുള്ളയുമൊത്ത് ജമ്മുവിലേക്ക് യാത്ര ചെയ്ത ജട്ട് പിന്നീട് പഞ്ചാബിലെ മാലേർകോട്ടലയിലെത്തി. അവിടെ തുർക്കിഷ് ടെലിവിഷൻ പരമ്പരകൾ കാണുകയും ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുകയും ചെയ്തതായും അന്വേഷണ ഏജൻസികൾ പറയുന്നു.

ജട്ട് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീനഗറിലും വടക്കൻ കശ്മീരിലുമായി പ്രവർത്തിച്ചിരുന്ന ലഷ്‌കറിന്റെ ഓവർഗ്രൗണ്ട് വർക്കർമാരുടെ ശൃംഖല ശ്രീനഗർ പൊലീസ് കണ്ടെത്തി തകർത്തതായും എൻഐഎ അറിയിച്ചു.

ആധാർ, പാൻ കാർഡുകൾ സ്വന്തമാക്കി പിന്നീട് പാസ്‌പോർട്ട് എടുത്ത് ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു തന്റെ പദ്ധതി എന്നും ജട്ട് വെളിപ്പെടുത്തി. 'ഖർഗോഷ്' എന്നറിയപ്പെട്ട ഉമർ എന്ന ഭീകരൻ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് ഇന്തോനേഷ്യയിലേക്കും പിന്നീട് ഗൾഫ് രാജ്യത്തേക്കും കടന്ന സംഭവവും ഇയാൾ അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ ശ്രീനഗർ പൊലീസ് 'അൽ ഫലാഹ് മോഡ്യൂൾ' തകർത്തതിന് ശേഷമാണ് അന്തർസംസ്ഥാന തലത്തിൽ പ്രവർത്തിച്ച ലഷ്‌കർ ശൃംഖല പുറത്തുകൊണ്ടുവന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസമുള്ളവരെ ഉൾപ്പെടുത്തി ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത ശൃംഖലയായിരുന്നു അന്ന് കണ്ടെത്തിയത്. റെഡ് ഫോർട്ടിന് സമീപം സ്‌ഫോടകവസ്തു നിറച്ച കാർ പൊട്ടിത്തെറിപ്പിച്ച് നിരവധി പേരുടെ മരണത്തിനിടയാക്കിയ കേസിലും ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു.