മുരളീധരന്റെ അതൃപ്തിക്ക് പിന്നാലെ വകുപ്പ് മാറ്റം; ആരോഗ്യം, ദേവസ്വം ചുമതല നൽകാൻ ധാരണ

മുരളീധരന്റെ അതൃപ്തിക്ക് പിന്നാലെ വകുപ്പ് മാറ്റം; ആരോഗ്യം, ദേവസ്വം ചുമതല നൽകാൻ ധാരണ


തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിതരണവുമായി ബന്ധപ്പെട്ടുണ്ടായ അസംതൃപ്തിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. ആദ്യം നൽകിയിരുന്ന വൈദ്യുതി വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ച മുരളീധരന് ഒടുവിൽ ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകാനാണ് ധാരണയായത്.

വൈദ്യുതി വകുപ്പ് ലഭിച്ചാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് മുരളീധരൻ നേതൃത്വത്തെ അറിയിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ടത്. ആരോഗ്യം, ദേവസ്വം വകുപ്പുകളാണ് നേരത്തെ മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ വൈദ്യുതി വകുപ്പ് നൽകിയതോടെയാണ് അദ്ദേഹം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്.

വി.ഡി സതീശൻ മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കെ.സി വേണുഗോപാൽ അനുകൂലികൾക്കാണ് ലഭിച്ചതെന്ന വിലയിരുത്തലുകളും ഇതിനിടെ ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് ആദ്യം എ.പി അനിൽകുമാറിന് നൽകിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു ചർച്ചയായത്. മുരളീധരന് ആരോഗ്യം വകുപ്പ് നൽകിയതോടെ ഇനി വൈദ്യുതി വകുപ്പ് ആരുടെ കൈകളിലേക്കാണ് പോകുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

2004ൽ എ.കെ ആന്റണി മന്ത്രിസഭയിൽ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്ന മുരളീധരന് വീണ്ടും അതേ വകുപ്പ് നൽകിയതാണ് അസന്തോഷത്തിന് കാരണമായതെന്നാണ് സൂചന.

അതേസമയം, പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാരും ഘടകകക്ഷികളിൽ നിന്ന് ഒമ്പത് മന്ത്രിമാരുമടങ്ങുന്നതാണ് പുതിയ മന്ത്രിസഭ.

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദിഖ്, കെ.എ തുളസി, ഒ.ജെ ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലെത്തുന്നത്.

ഘടകകക്ഷികളിൽ നിന്ന് സി.പി ജോൺ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ എന്നിവരും മന്ത്രിമാരാകും. മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടിക നേരത്തെ തന്നെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്നും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകുമെന്നും വി.ഡി സതീശൻ അറിയിച്ചു. നഫീസത്ത് ബീവിക്ക് ശേഷം വർഷങ്ങൾക്കിപ്പുറം ഒരു വനിത വീണ്ടും ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്നതും പുതിയ മന്ത്രിസഭയുടെ പ്രത്യേകതയായി മാറും.