വാഷിംഗ്ടൺ: ആണവകരാർ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായിരിക്കെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന നിർദേശത്തിൽ വേഗത്തിൽ തീരുമാനം എടുക്കാത്ത പക്ഷം 'ഇറാനിൽ ഒന്നും ശേഷിക്കില്ലെന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
'ഇറാനുവേണ്ടി സമയം വേഗത്തിൽ നീങ്ങുകയാണ്. അവർ ഉടൻ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഒന്നും ശേഷിക്കില്ല. സമയം നിർണായകമാണ്,' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
യുറേനിയം ശേഖരം, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കൽ, യുദ്ധനഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ വീണ്ടും സൈനിക സംഘർഷ സാധ്യത ഉയരുന്നുവെന്നാണ് വിലയിരുത്തൽ.
ഇറാനിയൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ചർച്ചകൾ പുനരാരംഭിക്കാനുള്ള അമേരിക്കയുടെ പ്രധാന നിബന്ധനകൾ ഇറാനെ അറിയിച്ചിട്ടുണ്ട്. 400 കിലോഗ്രാം സമ്പുഷ്ട യുറേനിയം കൈമാറുക, ഒരു ആണവകേന്ദ്രം മാത്രം പ്രവർത്തിപ്പിക്കുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടരുത് തുടങ്ങിയവയാണ് അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകളെന്നാണ് റിപ്പോർട്ട്.
എന്നാൽ ഈ നിബന്ധനകൾ ഇറാൻ തള്ളിക്കളഞ്ഞു. ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം ഇറാൻ, ഇസ്രയേൽ, അമേരിക്കൻ അനുകൂല സൈനിക ശക്തികൾ തമ്മിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽ വന്നിരുന്നുവെങ്കിലും മേഖലയിലെ സംഘർഷാവസ്ഥ പൂർണമായി ശമിച്ചിട്ടില്ല.
അതേസമയം, അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ സൈന്യവും മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ സായുധസേന വക്താവ് അബോൽഫസൽ ഷെകാർച്ചിയുടെ പ്രതികരണം.
'അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചാൽ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സംഭവവികാസങ്ങളാകും നേരിടേണ്ടിവരിക,' എന്നാണ് ഇറാൻ സർക്കാർ മാധ്യമങ്ങളിലൂടെ ഷെകാർച്ചി മുന്നറിയിപ്പ് നൽകിയത്.
'സമയം തീരുകയാണ്'; ഇറാനെതിരെ വീണ്ടും ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, തിരിച്ചടിക്കുമെന്ന് ടെഹ്‌റാനും
