കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീതു നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ സമ്മതിച്ചുവെന്നും ഇത് അവസാന അവസരമാണെന്നും കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയ്ക്കുള്ള അവസാന അവസരമാണിത്. വീണ്ടും അവസരം നല്‍കുന്നത് ദൗര്‍ബല്യമായി കാണരുതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിന്‍സി പരാതിയുമായി വിളിച്ചിരുന്നെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. തെറ്റ് സമ്മതിച്ച അദ്ദേഹം ഒരു അവസരം കൂടി ചോദിച്ചു. ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കുന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ ഈ നിലപാട് ഫെഫ്കയുടെ ദൗര്‍ബല്യമായി കാണരുത്. നല്‍കിയ ഉറപ്പുകള്‍ പാലിച്ചാല്‍ ഷൈന്‍ മലയാള സിനിമയിലുണ്ടാവും. ഇത് ഷൈനില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. മറ്റ് പലര്‍ക്കെതിരേയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ വിളിച്ചു വരുത്തി ഫെഫ്ക സംസാരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മാത്രമല്ല എല്ലാ സിനിമ ലോക്കേഷനുകളിലും ഫെഫ്ക ഒരു ക്യാംപെയിന്‍ നടത്തുമെന്നും സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ലോക്കേഷനില്‍ അടക്കം ലഹരിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.