തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലപ്പണവും പൊലീസ് പിടികൂടിയെന്നും ഈ പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും ദ് ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത് താന്‍ പറഞ്ഞതല്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അയച്ച കത്തിലാണ് മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍ നല്‍കിയെന്ന ആരോപണമുള്ളത്. ഇതിനു പിന്നാലെ ദ് ഹിന്ദു ഖേദം പ്രകടിപ്പിച്ചു.
അഭിമുഖം വന്നത് ഡല്‍ഹിയിലെ പി ആര്‍ ഏജന്‍സി വഴിയാണെന്നും വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും ദ് ഹിന്ദു വ്യക്തമാക്കി. പി ആര്‍ ഏജന്‍സി എഴുതി നല്‍കിയത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഖേദിക്കുന്നുവെന്ന് ഹിന്ദു അറിയിച്ചു
ഹിന്ദു എഡിറ്ററാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ താഴെയാണ് എഡിറ്ററുടെ വിശദീകരണം എന്ന നിലയില്‍ എഴുതി നല്‍കിയത്. ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം എടുത്തത്. ഇത് പ്രസിദ്ധീകരിച്ച് വന്നതിന് പിന്നാലെ തെറ്റായ വാക്കുകള്‍ കടന്നുവന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഏറ്റവും വിശ്വാസമുള്ള പത്രമാണ് 'ഇംഗ്ലീഷ് ദേശാഭിമാനി' എന്ന് വിമര്‍ശകര്‍ വിളിപ്പേര് നല്‍കിയിട്ടുള്ള 'ദ് ഹിന്ദു'. മുഖ്യമന്ത്രി അഭിമുഖം അനുവദിച്ചതാകട്ടെ സി പി എം നേതാക്കളുടെ ഏറ്റവും വിശ്വസ്തയായ ലേഖികക്കും.
ഒരു ദേശമോ പ്രദേശമോ അഭിമുഖത്തില്‍ ദേശവിരുദ്ധമെന്ന് രീതിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്നും പത്രത്തിന്റ എഡിറ്റര്‍ക്കയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി സന്ദര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്.
അഭിമുഖത്തില്‍ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സര്‍ക്കാരിനോ ഇല്ലെന്നും കത്തില്‍ പറയുന്നു. ആര്‍ എസ് എസിനെതിരെയും ഹിന്ദുത്വ ശക്തികള്‍ക്കെതിരെയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരാണ് സിപിഎമ്മെന്നും കത്തില്‍ പറയുന്നു.