കൊച്ചി: കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ടുപോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടേതാണ് വിധി.
ഈ ആഴ്ച ആരംഭിക്കാനിരുന്ന പ്രവേശന നടപടികളെ അനിശ്ചിതത്വത്തിലാക്കിയാണ് ഹൈക്കോടതി വിധി വന്നത്. സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ പുതിയ ഫോര്‍മുല തുടരാനാകുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടിക ഉള്‍പ്പെടെ പുനഃക്രമീകരിക്കേണ്ട സാഹചര്യമുണ്ടാകും.
പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ചാണ് ഹൈക്കോടതി പരീക്ഷാ ഫലം റദ്ദാക്കി ഉത്തരവിറക്കിയത്. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധിയുണ്ടായത്. ഈ മാസം ഒന്നിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഫലം റദ്ദായത് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കും.