പ്രാര്‍ഥനകള്‍ വിഫലം, ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ യാത്രയായി

പ്രാര്‍ഥനകള്‍ വിഫലം,  ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ യാത്രയായി


കല്‍പറ്റ: പ്രാര്‍ഥനകള്‍ വിഫലം, ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ മടങ്ങി. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുന്നതിനിടയാണ് മരണം. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സന്‍.

ചൊവ്വാഴ്ച കല്‍പറ്റക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ജെന്‍സന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്രാര്‍ഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് രാത്രിയോടെ ജെന്‍സന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. പിതാവിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛന്‍ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു.

മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡ് മുന്‍ മെമ്പര്‍ കൂടിയായിരുന്നു അമ്മ. കല്‍പറ്റ എന്‍.എം.എസ്.എം ഗവ കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു സഹോദരി ശ്രേയ. ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ നടത്താനായി. എന്നാല്‍ ഡി.എന്‍.എ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.
ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും വീടടക്കം ഉരുള്‍ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെന്‍സനും സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവര്‍ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഇരുവര്‍ക്കും ആഗ്രഹം.

ഇതിനിടെയാണ് വാഹനാപകടം അവളുടെ ജീവിതത്തില്‍ വീണ്ടും ഇരുള്‍ പടര്‍ത്തിയത്. കല്‍പറ്റക്കടുത്ത വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഇരുവരും സഞ്ചരിച്ച ഒമ്‌നി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെന്‍സന് തലക്ക് ഗുരുതരമായി പരിക്കേറ്റത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു ജെന്‍സന്‍.
കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരുകയായിരുന്ന 'ബട്ടര്‍ഫ്‌ലൈ' ബസുമായി ജെന്‍സന്‍ ഓടിച്ച വാന്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കല്‍പറ്റ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. നിസ്സാര പരിക്കേറ്റ ശ്രുതിയടക്കമുള്ള എട്ടുപേര്‍ കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഖ്യമന്ത്രി പിണറായ വിജയനും മന്ത്രിമാരും അനുശോചനം രേഖപ്പെടുത്തി. ശ്രുതിയുടെ രക്ഷയും കാവലുമായി ഈ നാട് ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.