ഒ ആര്‍ കേളു എംഎല്‍എ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഒ ആര്‍ കേളു എംഎല്‍എ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


തിരുവനന്തപുരം: ഒ ആര്‍ കേളു എംഎല്‍എ ഇന്ന് (ഞായര്‍) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവനില്‍ ആണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പട്ടിക ജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് ഒആര്‍ കേളു സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് രാജ്ഭവന്‍ അറിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. വയനാട്ടില്‍ നിന്ന് സിപിഐഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവും മാനന്തവാടി എംഎല്‍എയുമാണ് ഒആര്‍കേളു. ഒ ആര്‍ കേളു മന്ത്രിയാകുന്നതോടെ മന്ത്രിസഭയില്‍ വയനാടിന് പ്രാതിനിധ്യം ലഭിക്കും. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റു കൂടിയാണ് ഒ ആര്‍ കേളു.

കെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നല്‍കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പകരം, ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്‍കാനാണ് സിപിഐഎം തീരുമാനം.

സ്പീക്കര്‍ ആയിരുന്നതിനാല്‍ എംബി രാജേഷിന് സഭാ നടപടികളില്‍ കൂടുതല്‍ ഇടപെടാന്‍ ആകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൂടുതല്‍ കരുതലും സൂക്ഷ്മതയും വേണ്ട വകുപ്പാണ് ദേവസ്വം എന്ന് വിലയിരുത്തിയാണ് വി എന്‍ വാസവനെ ചുമതല ഏല്‍പ്പിക്കുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും.