വിദേശരാജ്യങ്ങള്‍ പ്രവേശന നടപടികള്‍ കടുപ്പിച്ചു; കേരളത്തിലെ വിദേശ വിദ്യാഭ്യാസ വിപണി കിതയ്ക്കുന്നു

വിദേശരാജ്യങ്ങള്‍ പ്രവേശന നടപടികള്‍ കടുപ്പിച്ചു; കേരളത്തിലെ വിദേശ വിദ്യാഭ്യാസ വിപണി കിതയ്ക്കുന്നു


കൊച്ചി: കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രവേശന നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്ന് വിദേശ വിദ്യാഭ്യാസത്തിന് പോകുന്നവരുടെ തിരക്ക് കുറഞ്ഞു. വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷകള്‍ എന്നത്തേക്കാളും കൂടുതലായി നിരസിക്കപ്പെടുന്നതാണ് പ്രധാന കാരണം.

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്നതിനായി കഴിഞ്ഞ 3-4 വര്‍ഷമായി കേരളത്തില്‍ കൂണുപോലെ വളര്‍ന്നുവന്ന നിരവധി സ്വകാര്യ ഏജന്‍സികള്‍ ഇപ്പോള്‍ തിരിച്ചടി നേരിടുകയാണ്. അവയല്‍ പലതും ഇപ്പോള്‍ അടച്ചുപൂട്ടലിന്റെയോ പിരിച്ചുവിടലിന്റെയോ വക്കിലാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

'വിദേശത്ത് പഠിക്കാന്‍ മാത്രം' കേരളത്തില്‍ കുറഞ്ഞത് 4,000 സ്വകാര്യ ഏജന്‍സികളെങ്കിലും ഉണ്ടാകാം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവരുടെ എണ്ണം 2,000 ആയി കുറയും. കുറഞ്ഞത് ഒരു പ്രധാന സ്ഥാപനം 150 പേരെയെങ്കിലും പിരിച്ചുവിടുന്നസാഹചര്യമുണ്ടെന്ന്, 2015 മുതല്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി വിദേശ സ്ഥാപനമായ ഗോഡ്‌സ്പീഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രേണു എ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വന്‍ തിരക്കിനെത്തുടര്‍ന്ന്, കേരളീയരുടെ പ്രിയപ്പെട്ട രാജ്യങ്ങളായ കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സമീപ മാസങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കി.

ഉദാഹരണത്തിന്, നേരത്തെ, പങ്കാളികള്‍ക്കും കുട്ടികള്‍ക്കും അപേക്ഷകനോടൊപ്പം പോകാമായിരുന്നു. 'ഇപ്പോള്‍, പ്രധാന അപേക്ഷകന് അനുമതി നല്‍കിയാലും സഹ അപേക്ഷകരുടെ വിസകള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് രേണു പറഞ്ഞു.

വിദ്യാഭ്യാസത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ഓസ്‌ട്രേലിയയും കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതായി എസിഇടി മൈഗ്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സര്‍വീസസ് സ്ഥാപകന്‍ സുലാല്‍ മത്തായി പറഞ്ഞു. ഇപ്പോള്‍, ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ബാങ്ക് അക്കൗണ്ടിലെ ചെലവുകള്‍ക്കായി 29,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (16 ലക്ഷം രൂപ) ഉണ്ടായിരിക്കണം നേരത്തെ ഇത് 24,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (13 ലക്ഷം) ആയിരുന്നതില്‍ നിന്ന് വര്‍ദ്ധിപ്പിച്ചതാണ്..

വിസിറ്റിംഗ് വിസയില്‍ രാജ്യത്തേക്ക് വരുന്ന ആളുകള്‍ക്ക് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അനുവദിക്കുന്ന 'ഓണ്‍ഷോര്‍ വിസ ആപ്ലിക്കേഷനും' ഓസ്‌ട്രേലിയ നിരോധിച്ചു. 'ഓസ്‌ട്രേലിയയിലേക്ക് വന്ന ആര്‍ക്കും ഓണ്‍ഷോര്‍ വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ നേരത്തെ വളരെ ലളിതമായിരുന്നു. അവര്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന് മത്തായി പറഞ്ഞു.

ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു കോഴ്‌സ് ചെയ്യുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയ വിലക്കിയിട്ടുണ്ട്. 'പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് വരുന്ന മിക്ക വിദ്യാര്‍ത്ഥികളും ആ കോഴ്‌സിന്റെ തൊഴില്‍ സാധ്യതകള്‍ നോക്കുന്നില്ല. ഇതിന്റെ ഫലമായി ഓസ്‌ട്രേലിയയില്‍ ജോലി ലഭിക്കാത്ത ഒരു കോഴ്‌സിലാണ് പലരും പഠനം പൂര്‍ത്തിയാക്കുന്നത്. ഇതെതുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങളില്‍ മറ്റ് കോഴ്‌സുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം, ആദ്യ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ കോഴ്‌സ് ചെയ്യാന്‍ അനുവാദമില്ല. അവര്‍ ഒന്നുകില്‍ വീട്ടിലേക്ക് മടങ്ങണം അല്ലെങ്കില്‍ പഠിച്ച കോഴ്‌സ് ഉപയോഗിച്ച് ഒരു ജോലി നേടണം. അല്ലെങ്കില്‍ പഠിച്ചവിഷയത്തില്‍ ഒരു ഉന്നത കോഴ്‌സിലേക്ക് ചേരാം. ഉദാഹരണത്തിന്, വിദ്യാര്‍ത്ഥി ഒരു ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കുകയാണെങ്കില്‍, അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് ബിരുദാനന്തര ബിരുദം നേടാം. അത് അനുവദനീയമാണ് - മത്തായി വിശദീകരിച്ചു.

വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ റേറ്റിംഗുള്ള വിദേശ സ്ഥാപനങ്ങളില്‍ ചേരുന്നു

നമ്മള്‍ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് മടങ്ങേണ്ട സമയമായെന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദേശ പഠനത്തിന്റെ പ്രവണത നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ അമൃത് ജി കുമാര്‍ പറഞ്ഞു.

നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശത്തുള്ള കുറഞ്ഞ റേറ്റിംഗുള്ള കോളേജുകളിലും സ്ഥാപനങ്ങളിലും എത്തിയിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്, ആഗോള റാങ്കിംഗില്‍ ആദ്യ 200 സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടുന്നവര്‍ക്ക് മാത്രമേ ഇവിടെ അംഗീകാരം ലഭിക്കൂ. പല രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ മാനദണ്ഡത്തെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ഉന്നത പഠനം നടത്താനോ ഇവിടെ സര്‍ക്കാര്‍ ജോലി നേടാനോ കഴിയില്ല എന്നാണ്. 200 റാങ്ക് നമ്മുടെ ദേശീയ മാനദണ്ഡമായതിനാല്‍ തുല്യത സാധ്യമല്ലെന്നും കുമാര്‍ പറഞ്ഞു.

വിദേശ പഠന വിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് രേണു പറഞ്ഞു. 'ഏജന്‍സികളുടെ എണ്ണം വളരെ കൂടുതലാണ്. അവരില്‍ ഭൂരിഭാഗത്തിനും സര്‍വകലാശാലകളുമായി നേരിട്ട് ബന്ധമില്ല. വിദേശ സര്‍വകലാശാലകളുമായി ബന്ധമുള്ള മൂന്നാം കക്ഷികളുമായി അവര്‍ സഖ്യമുണ്ടാക്കുന്നു. ഇത് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.

താഴ്ന്ന റാങ്കുള്ള സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുണ്ടതാണ്. കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മികച്ച 200 കോളേജുകള്‍ക്ക് താഴെയുള്ള സ്ഥാപനങ്ങളിലാണ് ചേരുന്നത്.

'വിദേശത്തേക്ക് പോകുന്ന 60-70% വിദ്യാര്‍ത്ഥികളും അതിന്റെ ചെലവുകള്‍ താങ്ങാന്‍ കഴിയുന്നവരാണ്. എന്നിരുന്നാലും, 30-40% കുട്ടികളും താഴ്ന്ന ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ വായ്പയെടുക്കുകയോ അവരുടെ സ്വത്ത് വില്‍ക്കുകയോ ചെയതാണ് വിദേശ പഠനം തെരഞ്ഞെടുക്കുന്നത്. അവരെയാണ്  നിലവിലെ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിക്കുക. ദുബായ് പോലുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് വിവിധ ജോലികള്‍ ലഭിച്ചേക്കാമെന്നും കുമാര്‍ പറഞ്ഞു.