ബില്ലുകള്‍ തടയുന്നു: രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബില്ലുകള്‍ തടയുന്നു: രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം.

അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവര്‍ണര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജിക്കാര്‍.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം റിട്ട് ഹര്‍ജി നല്‍കിയത്.

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം ഉണ്ടായിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം പുതിയ നീക്കം നടത്തിയിരിക്കുന്നത്.