ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍

ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍


കാസര്‍കോട്:  ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായാണ് മുന ഷംസുദ്ദീന്‍ നിയമിത ആയത്. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. നിയമനം കഴിഞ്ഞ വർഷമായിരുന്നുവെങ്കിലും അവർ മലയാളിയാണെന്ന വിവരം ഈയിടെയാണ് പുറം ലോകം അറിഞ്ഞത്.

ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാകിസ്ഥാനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു.

യു.എന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം

തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്‍.

യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ച ശേഷം തിരികെ ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബര്‍മിങ്ങാമിലായിരുന്നു താമസം. പത്തു വര്‍ഷം മുമ്പാണ് മുന കാസര്‍കോട് എത്തിയത്. കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വര്‍ഷവും കാസര്‍കോട്ട് വന്നിരുന്നതായി ബന്ധു മുഹമ്മദ് സമീര്‍ പുതിയപുരയില്‍ ഇടിവി ഭാരതിനോട് പറഞ്ഞു. തിരക്ക് കഴിഞ്ഞാല്‍ അവര്‍ കാസര്‍കോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമീര്‍ പറഞ്ഞു.