തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍. തരൂരിന്റെ കാര്യം വിട്ടു. അദ്ദേഹത്തെ കൂട്ടത്തില്‍ കൂട്ടില്ല. നടപടി വേണമോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാര്‍ട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല.' കെ മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രമാണ് ആദ്യം വേണ്ടതെന്നും പാര്‍ട്ടികള്‍ രാജ്യത്തെ മെച്ചപ്പെടുത്താനുള്ള മാര്‍ഗം മാത്രമാണെന്നും ശശി തരൂര്‍ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് മുരളീധരന്റെ പ്രതികരണം.
കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന തരൂരിന്റെ പരിപാടിയും കോണ്‍ഗ്രസ് നേതൃത്വം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ എംപിയാണ് ശശി തരൂര്‍. കൂടാതെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റുമാണ്. അദ്ദേഹത്തെ തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോള്‍ അത് അനൗദ്യോഗിക ബഹിഷ്‌കരണം തന്നെയാണ്. മനസുകൊണ്ട് തരൂര്‍ പാര്‍ട്ടിക്ക് പുറത്താണ്. അതുകൊണ്ട് പാര്‍ട്ടിക്ക് പുറത്തുള്ള വ്യക്തിയെ പങ്കെടുപ്പിക്കേണ്ട കാര്യമില്ലെന്നാണ് മുരളീധരന്‍ പറയാതെ പറയുന്നത്.
'ശശി തരൂര്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല; തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുപ്പിക്കില്ല'-കെ. മുരളീധരന്‍
