നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍ എംപി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍ എംപി.


തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല രീതിയില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചു. നല്ലൊരു സ്ഥാനാര്‍ത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.

എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തില്‍ പോകണം, സ്ഥാനാര്‍ത്ഥിക്കൊപ്പം എവിടെ വേദിയില്‍ പോകണം തുടങ്ങിയ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒഴിവാക്കി എന്നു തോന്നുന്ന സമയത്ത് ഒഴിവായി നില്‍ക്കുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താന്‍ കാണിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.

കഴിഞ്ഞ 16 വര്‍ഷമായി കോണ്‍ഗ്രസിനും കോണ്‍ഗ്രസ് മൂല്യങ്ങള്‍ക്കും ഒപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും സഹോദരന്മാരോടുമുള്ള സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ആര്‍ക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാര്‍ട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ദിനമല്ല ഇതെന്നും തരൂര്‍ പറഞ്ഞു.

നിലമ്പൂരില്‍ സുഹൃത്തായ നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കട്ടെ എന്ന് ആശംസിക്കുന്നു. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ പോയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം വിജയം കാണട്ടെയെന്നും തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വിദേശപര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. അല്ലാതെ ആഭ്യന്തര രാഷ്ട്രീയവിഷയങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരു വിഷയം വരുമ്പോള്‍ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത് 2014ല്‍ തന്നെ താന്‍ പറഞ്ഞിട്ടുള്ളതാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ആരും  പറഞ്ഞിട്ടല്ലെന്നും തരൂര്‍ വ്യക്തമാക്കി.