വന്നുചേര്‍ന്നത് ഭാരിച്ച ഉത്തരവാദിത്തം; അടിസ്ഥാനവിഭാഗത്തിന്റെ ക്ഷേമത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും-ഒ.ആര്‍. കേളു

വന്നുചേര്‍ന്നത് ഭാരിച്ച ഉത്തരവാദിത്തം; അടിസ്ഥാനവിഭാഗത്തിന്റെ ക്ഷേമത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും-ഒ.ആര്‍. കേളു


തിരുവനന്തപുരം: ഭാരിച്ച ഉത്തരവാദിത്തമാണ് തന്നില്‍ വന്നുചേര്‍ന്നിരിക്കുന്നതെന്ന് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി ഒ ആര്‍ കേളു. അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. അവരുടെ കാര്യങ്ങള്‍ ശാശ്വതമായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് ഏറ്റവും സങ്കീര്‍ണ്ണമായ മേഖലയാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒ ആര്‍ കേളു പറഞ്ഞു.

ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുന്‍ഗണന തിരിക്കേണ്ട കാര്യമുണ്ട്. ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അടക്കം ക്ഷേമപദ്ധതികളാണ് മേഖലയ്ക്ക് ആവശ്യം. അതിന് പ്രാഥമികമായി മുന്‍ഗണന നല്‍കും. വയനാട് ജില്ലയില്‍ ഈ മേഖലയില്‍ ഒരുപരിധിവരെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. വന്യമൃഗ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ സഹായം കൂടി വേണം', ഒ ആര്‍ കേളു പറഞ്ഞു.

പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാവാം കെ രാധാകൃഷ്ണന്റെ വകുപ്പ് മൂന്ന് പേര്‍ക്കായി നല്‍കിയത്. പാര്‍ട്ടി നല്ല പരിഗണന നല്‍കിയിട്ടുണ്ട്. കെ രാധാകൃഷ്ണന്‍ മന്ത്രി തുടങ്ങിവെച്ച കുറേകാര്യങ്ങളുണ്ട്. അതൊക്കെ പിന്തുടരുമെന്നും ഒ ആര്‍ കേളു പറഞ്ഞു.

ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഒ ആര്‍ കേളുവിനെ മന്ത്രിയായി തിരഞ്ഞെടുത്തത്. കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്‍കി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാര്‍ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു