നീതി ആയോഗ് യോഗത്തില്‍ പിണറായി പങ്കെടുക്കില്ല

നീതി ആയോഗ് യോഗത്തില്‍ പിണറായി പങ്കെടുക്കില്ല


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിനെ അയക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

കേന്ദ്ര ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു എന്നിവര്‍ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കാതെ പകരം മന്ത്രിയെ അയക്കുന്നത്. 

കേന്ദ്ര ബജറ്റിലെ അവഗണനയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണോ മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത് എന്നതില്‍ സര്‍ക്കാര്‍ വൃത്തങ്ങളോ എല്‍ ഡി എഫോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 

ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി അസൗകര്യം അറിയിച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതെന്നും സൂചനകളുണ്ട്. 

നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തി. ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബജറ്റിന് മുമ്പു തന്നെ അറിയിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം കാണിക്കുന്ന കേന്ദ്രത്തിനെതിരെ അവിടെ സംസാരിക്കുമെന്നും മമത വ്യക്തമാക്കി.