മലയാള സിനിമയില്‍ സമാന്തര സംഘടന പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന് പിന്നില്‍ ആഷിഖ്, ലിജോ, അഞ്ജലി മേനോന്‍

മലയാള സിനിമയില്‍ സമാന്തര സംഘടന പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന് പിന്നില്‍ ആഷിഖ്, ലിജോ, അഞ്ജലി മേനോന്‍


കൊച്ചി: സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി. അഞ്ജലി മേനോന്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളത്. സിനിമാ രംഗത്തെ സമഗ്ര നവീകരണം ലക്ഷ്യമെന്ന് കത്തില്‍

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് നേരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

സിനിമാ നടീനടന്മാരുടെ സംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്, ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ മറ്റ് നടന്മാര്‍ക്കെതിരെ ആരോപണം ഉയരുകയും എഎംഎംഎയുടെ ജനറല്‍ ബോഡി തന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കമാണ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ രംഗത്തെത്തിയത്.