ചങ്ങനാശ്ശേരി: ലിയോ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനമായ 'Magnifica Humanitas 'ന്റെ മലയാള പരിഭാഷ 'മാനവമഹത്വം' ചങ്ങനാശ്ശേരി അതിരൂപതയുടെ തെക്കൻ മേഖലാസ്ഥാനമായ ലൂർദ്ദ് ഫേറോനാ പള്ളിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രകാശനം ചെയ്തു. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റഫേൽ തട്ടിൽ പിതാവ്, കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന് ആദ്യപതിപ്പ് നൽകിക്കൊണ്ടായിരുന്നു പ്രകാശനം. തദവസരത്തിൽ ചങ്ങനശ്ശേരി അതിരൂപതാ മെത്രപ്പോലീത്ത മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ,
പരിഭാഷകനും കാർമ്മൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ലൂർദ്ദ് ഫേറോനാ വികാരി ഫാ. ജോൺ തെക്കേക്കര, പിഒസി ഡയറക്ടർ തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സി. ഫ്‌ളവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു.
സങ്കേതികശക്തിയിൽ ശ്രദ്ധയുറപ്പിക്കുകമൂലം, മനുഷ്യത്വരാഹിത്യത്തിന്റെ ചുഴിയിൽപെട്ട് മനുഷ്യാന്തസ് മറയ്ക്കപ്പെടുന്നതിന്റെ അപകടസാധ്യതയുള്ള ഈ കാലഘട്ടത്തിൽ, അങ്ങേയറ്റം മനുഷ്യത്വപരമായി തുടരേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് ഈ ചാക്രികലേഖനം മുന്നറിയിപ്പു നൽകുന്നു.
സാമൂഹിക വേർതിരിവുകൾക്ക് അതീതമായി, ഒരോ മനുഷ്യനുമുള്ള അലംഘനീയമായ അന്തസ്സും മൂല്യവും ഉയർത്തിപ്പിടിക്കാൻ, ഈ ചാക്രികലേഖനം ആഹ്വാനം ചെയ്യുന്നുവെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പിതാവ്
ഓർമ്മിപ്പിച്ചു. ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഈ ചാക്രികലേഖനം, പ്രദേശിക സമൂഹത്തിലേക്ക് എത്തിക്കുന്നതുവഴി പരസ്പരബഹുമാനവും സാമൂഹിക സൗഹാർദ്ദം വളർത്താൻ സഹായിക്കുമെന്ന് പിതാവ് കൂട്ടിച്ചേർക്കുകയുണ്ടായി.
സമൂഹത്തിലെ പാർശ്വവല്കരിക്കപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന 'മാനവമഹത്വം' കേരളത്തിന്റെ സാമൂഹികമാനവിക വികസന ലക്ഷ്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതാണെന്ന്, പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അഭിപ്രായപ്പെടുകയും സമകാലിക സമൂഹത്തിന് ഏറെ ഉതകുന്ന ഈ സന്ദേശം മാത്യഭാഷയിൽ ലഭ്യമാക്കുന്നതിനെ അനുമോദിക്കുകയും ചെയ്തു.
ആഗോള സമാധാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും ഈ സന്ദേശം കേരളത്തിലെ വിവിധ ഇടവകകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്‌കാരിക മേഖലകൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.
ഈ ചാക്രിക ലേഖനത്തിന്റെ മലയാളം പതിപ്പ് ഈയാഴ്ച മുതൽ, പ്രമുഖ കത്തോലിക്കാ പബ്ലി ഷിംഗ് സെന്ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാകും.
ലിയോ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 'മാനവ മഹത്വം' പ്രകാശനം ചെയ്തു
