വയനാട്: പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഉറങ്ങുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മരിച്ചവരുടെ ബന്ധുക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. മരിച്ചവരോടുള്ള ആദര സൂചകമായി പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ദുരന്തത്തിന് ഒരാണ്ട് തികയുന്ന ഇന്ന് പ്രിയപ്പെട്ടവരെ മറവ് ചെയ്ത സ്ഥലത്തേക്ക് ഉറ്റവരും നാട്ടുകാരുമുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. സ്ഥലത്ത് സര്‍വമത പ്രാര്‍ഥനയും നടന്നു.
ഹൃദയഭൂമിയില്‍ ഉറങ്ങുന്നവര്‍ക്ക് സമര്‍പ്പിക്കാനായി പൂക്കളും മിഠായികളും കളിപ്പാട്ടങ്ങളുമെല്ലാം കരുതിയാണ് ഓരോരുത്തരും വന്നത്. അയല്‍ക്കാരായിരുന്നവരെ ഏറെകാലം കഴിഞ്ഞ് കണ്ടുമുട്ടിയ ഇടം കൂടിയായി ഹൃദയഭൂമി മാറുകയായിരുന്നു. രാവിലെ മുതല്‍ ഉറ്റവര്‍ ഉറങ്ങുന്ന മണ്ണിലേക്ക് ബന്ധുക്കള്‍ വന്നുതുടങ്ങിയിരുന്നു. പ്രാര്‍ഥനകള്‍ക്ക് ശേഷവും ഇവിടം വിട്ട് മടങ്ങാന്‍ കഴിയാതെ അവര്‍ തങ്ങളെ വിട്ട് പോയവര്‍ക്കൊപ്പം തുടര്‍ന്നു.
വഴിയോരത്ത് സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡില്‍ പ്രിയപ്പെട്ടവരെ തിരയുന്നവരും കണ്ണീര്‍ കാഴ്ചയായി. ജില്ലയുടെ പല ഭാഗത്തായി കഴിയുന്നവര്‍ക്ക് ഹൃദയഭൂമിയില്‍ എത്താന്‍ സര്‍ക്കാര്‍ പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച 269 പേരെയാണ് ഈ ഭൂമിയില്‍ സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസമാണ് പുത്തുമല ശ്മശാന ഭൂമിയെ പുനര്‍നാമകാരണം ചെയ്ത് ഹൃദയഭൂമി എന്ന പേരിലേക്ക് മാറ്റിയത്.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായ യുഎ അജ്മല്‍ സാജിദാണ് ഈ പേര് നിര്‍ദേശിച്ചത്. ദുരന്തനാള്‍വഴികളിലൂടെയുള്ള അതിജീവനത്തിനും ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ജൂലൈ 29ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ധരാത്രി 12നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടംഅട്ടമലമുണ്ടക്കൈചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി.
അപകടമേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം ദുസഹമായിരുന്നു സഞ്ചാരപാത. പ്രതിസന്ധികള്‍ തരണം ചെയ്ത് പുലര്‍ച്ചെയാണ് സേനാ വിഭാഗം അപകടസ്ഥലത്തെത്തിയത്. നാട്ടുകാരായിരുന്നു ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായത്. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ എട്ടു കിലോ മീറ്ററില്‍ 8,600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്.
അപകടത്തില്‍ 298 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയുകയും ചെയ്തു. 32 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നായി 223 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
കാണാതായ 32 പേരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്നീട് സര്‍ക്കാറിന്റെ പ്രത്യേക പരിഗണനയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. കണ്ടെത്താനാവാത്തവരെ സര്‍ക്കാര്‍ ഔദ്യോഗികമായി മരിച്ചവരായി അംഗീകരിച്ചായിരുന്നു നടപടി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് മേപ്പാടി എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി മരണം രേഖപ്പെടുത്തുകയുമായിരുന്നു.
പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഉറങ്ങുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മരിച്ചവരുടെ ബന്ധുക്കളും സര്‍ക്കാരും
