പി വി അന്‍വര്‍ എം എല്‍ എ അറസ്റ്റില്‍

പി വി അന്‍വര്‍ എം എല്‍ എ അറസ്റ്റില്‍


നിലമ്പൂര്‍: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് അറസ്റ്റിന് കാരണമായ സംഗതികള്‍ അരങ്ങേറിയത്. 

ഫോറസ്റ്റ് ഓഫിസ് ആക്രമിച്ച് തകര്‍ത്തതിന് അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് അന്‍വറിനു മേല്‍ ചുമത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും പരാമര്‍ശമുണ്ട്.

ഫോറസ്റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് കേസ്. അന്‍വറിനെ കൂടാതെ മറ്റു 11 പേര്‍ കൂടി കേസില്‍ പ്രതികളാണ്. അന്‍വര്‍ സ്ഥാപിച്ച ഡിഎംകെ എന്ന സംഘടനയിലെ അംഗങ്ങളാണ് ഇവര്‍ എല്ലാവരും.

ഞായറാഴ്ച രാത്രിയോടെ അന്‍വറിന്റെ വീട് പൊലീസ് സംഘം വളയുകയായിരുന്നു. ഡിവൈ. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി അന്‍വറുമായി സംസാരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.