യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കണം

യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടുനല്‍കണം


ന്യൂഡല്‍ഹി: പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സ്-യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീര്‍ണ്ണമാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ആത്യന്തികമായി ഇതൊരു ആരാധനാലയമാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി 1934ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് വ്യക്തതയുണ്ടെന്നും പറഞ്ഞു. സാമ്പത്തിക ഭരണകാര്യങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു. പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടത് അവസാന ഘട്ടത്തിലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

നീതി നടപ്പാക്കാനുള്ള കോടതിയുടെ ചുമതല എതിര്‍കക്ഷികള്‍ മനസിലാക്കുമെന്ന് കരുതുന്നു. പള്ളികള്‍ ഏറ്റെടുക്കുകയെന്നാല്‍ എല്ലാ ഭരണകാര്യങ്ങളും ഏറ്റെടുക്കുകയെന്നാണ് അര്‍ത്ഥം. ഉത്തരവ് നടപ്പാക്കാന്‍ യാക്കോബായ സഭ സഹകരിക്കാത്തതെന്തെന്നും സുപ്രീം കോടതി ചോദിച്ചു. യാക്കോബായ സഭയും സര്‍ക്കാരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെങ്കില്‍ നീതി തേടി എവിടെ പോകണമെന്ന് ചോദിച്ച കോടതി പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുനല്‍കണമെന്ന വിധി അന്തിമമാണെന്നും വ്യക്തമാക്കി.

താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറണമെന്നും സുപ്രീം കോടതി യാക്കോബായ സഭയോട് നിര്‍ദ്ദേശിച്ചു. ഓര്‍ത്തഡോക്സ് സഭയ്ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പൊതുവായ സൗകര്യങ്ങള്‍ തുറന്നു നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നല്‍കിയിരുന്ന ഇളവും സുപ്രീം കോടതി നീട്ടി.

ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിലെ കോടതിയലക്ഷ്യ അപ്പീലുകളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലുകളിലാണ് വാദം. സര്‍ക്കാരിന് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാനാകുമോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. അപ്പീലുകളില്‍ സഭാ തര്‍ക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

പള്ളികള്‍ ഏറ്റെടുത്ത ശേഷം കൈമാറുന്നത് ശാശ്വത പരിഹാരമല്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി. സംഘര്‍ഷം ഒഴിവാക്കി പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് പള്ളികള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടായി. പ്രശ്നം സമാധാനപരമായി കൈമാറാന്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണ് എന്നുമാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം.

നേരത്തെ നവംബര്‍ 25ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയലക്ഷ്യ കേസില്‍ ഉദ്യോഗസ്ഥര്‍ നവംബര്‍ 29ന് നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയും എറണാകുളം പാലക്കാട് ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും നവംബര്‍ എട്ടിന് രാവിലെ പത്തേകാലിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവായിരുന്നു സുപ്രീം കോടതി തടഞ്ഞത്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ ഒക്ടോബര്‍ 21നായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.