കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിന് ഇന്ന് നിർണായക ദിനം. നടി ഹണി റോസ് നൽകിയ പരാതിയെ തുർന്ന് അറസ്റ്റുചെയ്യപ്പെട്ട് റിമാൻഡിലായ ബോബിയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം, ബോബിയുടെ ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന വാദം തന്നെയാണ് ബോബി ആവർത്തിക്കുന്നത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളും വെള്ളിയാഴ്ച ബോബി ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ ശേഷമാണ് കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
ബോബി ചെമ്മണ്ണൂരിന് ഇന്ന് നിർണായകം; ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കും