ഇടുക്കി : കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു. ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി എന്ന 24കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വളരെ നാളുകളായി മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ട്. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നതും വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. പലപ്പോഴും ജനങ്ങള്‍ രാത്രികാലങ്ങളില്‍ വന്യമൃഗ ശല്യം ഭയന്ന് പുറത്തിറങ്ങാറില്ല. കൃഷി ഇറക്കാനും ജനങ്ങള്‍ക്ക് ഭയമാണ്. കാട്ടാന മാത്രമല്ല, കാട്ടുപന്നിയും കുരങ്ങനും നാട്ടുകാര്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
കാടിനോട് ചേര്‍ന്നായിരുന്നു അമര്‍ ഇലാഹിയുടെ വീട്. ഏകദേശം മൂന്ന് മണിയോടെയായിരുന്നു അപകടം എന്നാണ് വിവരം. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമല്‍ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമര്‍. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിരുന്നു.
ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു