തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള (67) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്ത് ഉള്ളൂരിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ പൊതുദര്‍ശനം നടക്കും. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് തിരുവനന്തപുരം തൈക്കാടു ശാന്തി കവാടത്തില്‍ സംസ്‌കാരം.
സെക്രട്ടറിയേറ്റിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്ത അഡീഷണല്‍ സെക്രട്ടറി ജയലക്ഷ്മി എസ് ആണ് ഭാര്യ. മക്കള്‍: അരുണ്‍കുമാര്‍ എം, ആനന്ദ്കുമാര്‍ എം (യു എസ് എ).
കേരള സര്‍വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയന്‍സസ് ഫാക്കല്‍റ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത്.
1982 മുതല്‍ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ലക്ചററായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (ഓപ്‌ടോ ഇലക്ട്രോണിക്‌സ്) ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. കുസാറ്റ്, പെരിയാര്‍ യൂണിവേഴ്‌സിറ്റി, അളഗപ്പ യൂണിവേഴ്‌സിറ്റി, പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല യൂണിവേഴ്‌സിറ്റി തുടങ്ങി വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.
