കാഠ്മണ്ഡു: നേപ്പാള്‍ സര്‍ക്കാര്‍ 1000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്ന കരാര്‍ ചൈനീസ് സ്ഥാപനത്തിന് നല്‍കി. നേപ്പാള്‍ രാഷ്ട്ര ബാങ്ക് (NRB) ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് നല്‍കി. കരാറിന്റെ അടിസ്ഥാനത്തില്‍ 430 മില്യണ്‍ (43 കോടി) നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൈനീസ് കമ്പനിക്കാണ്.
നോട്ടുകള്‍ അച്ചടിക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 1.6985 കോടി യുഎസ് ഡോളര്‍ ആണെന്ന് കറന്‍സി മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ക്വട്ടേഷന്‍ ആയതിനാലാണ് ചൈനീസ് സ്ഥാപനത്തിന് കരാര്‍ ലഭിച്ചതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഇതിനുമുമ്പും നേപ്പാളിന്റെ 5, 10, 100, 500 രൂപാ നോട്ടുകള്‍ അച്ചടിച്ചിട്ടുള്ളതാണ്.
ചൈന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേപ്പാളില്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍. ഇന്ത്യയ്ക്കും നേപ്പാളിനും തമ്മില്‍ ദീര്‍ഘകാല സാംസ്‌കാരിക, നയതന്ത്ര, മതബന്ധങ്ങളുണ്ടെങ്കിലും ചൈനയുടെ ഇടപെടലുകള്‍ വര്‍ധിച്ചുവരുന്നത് ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്.
അതേസമയം, യുവാക്കളുടെ നേതൃത്വത്തിലുണ്ടായ രാഷ്ട്രീയ കലാപങ്ങളില്‍ നിന്ന് ഇപ്പോഴാണ് നേപ്പാള്‍ പുറത്ത് വന്നത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലിയുടെ രാജിയോടെയാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്‌സ്ആപ്പ്, എക്‌സ് (മുന്‍ ട്വിറ്റര്‍) തുടങ്ങി 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാര്‍ നിരോധിച്ചതാണ് 'ജെന്‍ Z പ്രക്ഷോഭം' എന്നറിയപ്പെട്ട കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം. ഭരണകൂടത്തിന്റെ അഴിമതി, ഉത്തരവാദിത്തക്കുറവ്, അസമത്വം എന്നിവയ്‌ക്കെതിരെ ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി. കലാപത്തില്‍ നിരവധി മന്ത്രിമാരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും, മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ കൊല്ലപ്പെുകയും ചെയ്തു.
നേപ്പാളിന്റെ 1000 രൂപ നോട്ടുകള്‍ അച്ചടിക്കുന്ന കരാര്‍ ചൈനീസ് കമ്പനിക്ക്
