അമേരിക്കയിലെ ഷട്ട്ഡൗണ്‍: വിമാന ഗതാഗതം താറുമാറായി; 945 വിമാനങ്ങള്‍ റദ്ദാക്കി, 3,300ല്‍പ്പരം സര്‍വീസുകള്‍ വൈകി

അമേരിക്കയിലെ ഷട്ട്ഡൗണ്‍:  വിമാന ഗതാഗതം താറുമാറായി; 945 വിമാനങ്ങള്‍ റദ്ദാക്കി, 3,300ല്‍പ്പരം സര്‍വീസുകള്‍ വൈകി


വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ തുടര്‍ന്നതോടെ രാജ്യത്തെ വിമാന ഗതാഗതം ഗുരുതരമായി ബാധിച്ചു. ശനിയാഴ്ച രാവിലെവരെ 945 വിമാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കപ്പെട്ടതായും 3,300ല്‍പ്പരം വിമാനങ്ങള്‍ വൈകിയയെന്നുമാണ് FlightAware.com റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതല്‍ റദ്ദാക്കലുകള്‍ - ഏകദേശം 130 വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു, 300ല്‍പ്പരം വിമാനങ്ങള്‍ വൈകിയതായും റിപ്പോര്‍ട്ടുണ്ട്. ഷിക്കാഗോ ഒ'ഹെയര്‍ വിമാനത്താവളത്തില്‍ 83 റദ്ദാക്കലുകളും 280 വൈകലുകളും രേഖപ്പെടുത്തി. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ 56 വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടപ്പോള്‍ ജെ.എഫ്.കെ. വിമാനത്താവളത്തില്‍ 50ഓളം റദ്ദാക്കലുകളും 300 വൈകലുകളും സംഭവിച്ചു.

താങ്ക്‌സ്ഗിവിംഗ് യാത്രകള്‍ ദുരിതത്തിലാകും

ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിച്ചാലും, താങ്ക്‌സ്ഗിവിംഗ് അവധിക്കാലത്ത് വിമാനയാത്രകള്‍ 'വലിയ കഷ്ടപ്പാടാകുമെന്ന് അമേരിക്കന്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി മുന്നറിയിപ്പ് നല്‍കി. ഫ്‌ളൈറ്റ് ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം നൂറുകണക്കിന് യാത്രകളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഇപ്പോഴാണ് നീളുന്നത്. 'അഫോര്‍ഡബിള്‍ കെയര്‍ ആക്ട്' ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി വിഷയത്തിലാണ് രാഷ്ട്രീയ ഭിന്നത നിലനില്‍ക്കുന്നത്. സബ്‌സിഡി തുടരണം എന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്  അത്  സമ്മതമല്ല. സബ്‌സിഡി അവസാനിച്ചാല്‍ ജനങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് കുത്തനെ ഉയരുമെന്നതാണ് മുന്നറിയിപ്പ്.

വിമാനം റദ്ദാക്കലില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹവായ് 

വിമാന യാത്രകളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ഹവായ് സംസ്ഥാനത്തെ വിമാന റദ്ദാക്കലുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് അധികൃതര്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ഹവായ് സംസ്ഥാന ഗതാഗത വകുപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫിക്ക് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ ആഭ്യന്തര ഗതാഗതം മുഴുവനായി അട്ടിമറിക്കപ്പെടുന്ന സാഹചര്യം നീണ്ടാല്‍, അവധിക്കാല വ്യാപാരത്തെയും ചരക്കു ഗതാഗതത്തെയും വലിയ തോതില്‍ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.