കേരളം അതി ദാരിദ്ര്യമുക്തമോ? പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിദഗ്ദ്ധര്‍

കേരളം അതി ദാരിദ്ര്യമുക്തമോ?  പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിദഗ്ദ്ധര്‍


കേരളം 'അതി ദാരിദ്ര്യമുക്തസംസ്ഥാനമായി' മാറിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ആദ്യം കേള്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാമൂഹ്യവികസന ചരിത്രത്തില്‍ ഒരു നേട്ടമായി തോന്നാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും സാമൂഹ്യനീതിയിലും മുന്നില്‍ നിന്ന സംസ്ഥാനമായ കേരളം, ദാരിദ്ര്യനിവാരണത്തിലും മാതൃകയായാല്‍ അത് അഭിമാനകരമായ നേട്ടമായേ കാണാവൂ.

എങ്കിലും, ഈ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്ന കണക്കുകളും പഠനറിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വെളിപ്പെടുത്താത്തത് ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞരായ എം.എ. ഉമ്മന്‍, കെ.പി. കണ്ണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 25 പേര്‍ സര്‍ക്കാരിന് എഴുതിയ തുറന്ന കത്തില്‍ തന്നെ ഈ സംശയങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ 'അതി ദരിദ്രര്‍' എന്നത് വരുമാനമൊന്നുമില്ലാത്തവരും, രണ്ട് നേരം ഭക്ഷണം ലഭിക്കാത്തവരും, ലഭിക്കുന്ന അരി പാകം ചെയ്യാന്‍ സൗകര്യമില്ലാത്തവരുമായവരാണെന്ന് വ്യക്തമാക്കുന്നു. അത്തരത്തിലുള്ളവര്‍ 'അഗതികള്‍' എന്ന വിഭാഗത്തില്‍ പെടേണ്ടവരല്ലേയെന്ന് വിദഗ്ധര്‍ ചോദിക്കുന്നു. അഗതിമുക്തം എന്ന പഴയ ആശ്രയ പദ്ധതിയുടെ പരിഷ്‌കൃത രൂപം തന്നെയാണോ ഇപ്പോഴത്തെ അതി ദാരിദ്ര്യനിവാരണ പദ്ധതി എന്നും അവര്‍ ചോദിക്കുന്നു.

2014ലെ സാമ്പത്തിക അവലോകനത്തില്‍ 5.92 ലക്ഷം അന്ത്യോദയ അന്നയോജന കാര്‍ഡുകുടുംബങ്ങളുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അതി ദാരിദ്ര്യ വിഭാഗത്തില്‍ 64,006 കുടുംബങ്ങള്‍ മാത്രമാണെന്ന സര്‍ക്കാരിന്റെ കണക്കിനോട് വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. എങ്ങനെ ഈ വലിയ ഇടിവ് സംഭവിച്ചു? ഇവര്‍ എല്ലാവരും പെട്ടെന്നു ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായോ?

മുഖ്യമന്ത്രിയുടെ പ്രസ്താവനപ്രകാരം, 2021ല്‍ ആരംഭിച്ച അതി ദാരിദ്ര്യ നിവാരണ പദ്ധതിയില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ വിവിധ ഘട്ടങ്ങളിലായി 64,006 കുടുംബങ്ങളെ തിരിച്ചറിഞ്ഞിരുന്നു.

ഇതില്‍ 21,263 പേര്‍ക്ക് ആധാര്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകള്‍ നല്‍കി,

20,648 കുടുംബങ്ങള്‍ക്ക് ആഹാരവിതരണം ഉറപ്പാക്കി,

4,677 കുടുംബങ്ങള്‍ക്ക് വീടുകളും

2,713 കുടുംബങ്ങള്‍ക്ക് ഭൂമിയോടുകൂടിയ വീടുകളും നല്‍കി.

'അതി ദാരിദ്ര്യനിവാരണ ശ്രമം, പൊതുവിതരണ സംവിധാനത്തെയും ഭൂപ്രശ്‌നപരിഹാരത്തെയും അടിസ്ഥാനമാക്കിയുള്ള നീണ്ട പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷം ഈ പ്രഖ്യാപനത്തെ 'വ്യാജം' എന്നും സര്‍ക്കാരിന്റെ രാഷ്ട്രീയ 'പ്രചാരണത്തിന്റെ ഭാഗം' എന്നും വിശേഷിപ്പിച്ചപ്പോള്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറുപടി കണക്കുകളിലും തെളിവുകളിലുമാകണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു.

ദാരിദ്ര്യനിവാരണത്തെ സംബന്ധിച്ച പ്രഖ്യാപനം വെറും രാഷ്ട്രീയ പ്രസംഗവിഷയമല്ല; അത് മനുഷ്യജീവിതത്തിന്റെ ഗൗരവതരമായ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. നിതി ആയോഗ്  പ്രസിദ്ധീകരിച്ച പാവപ്പെട്ടവരെ സംബന്ധിച്ച സൂചികയില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്നത് സത്യമാണെങ്കിലും, അതിനര്‍ത്ഥം എല്ലാ സാമൂഹ്യദുരിതങ്ങളും അവസാനിച്ചുവെന്നല്ല.

ദിവസവേതനത്തിലും അസംഘടിത തൊഴില്‍ മേഖലയിലും ജീവിതം തള്ളി നീക്കുന്ന ആയിരങ്ങള്‍ ഇന്നും സംസ്ഥാനത്ത് ഉണ്ട്. അതിനാല്‍, കേരളം യഥാര്‍ത്ഥത്തില്‍ അതി ദാരിദ്ര്യമുക്തമായാല്‍ അത് വെറും പ്രസ്താവനകളിലല്ല, ജനങ്ങളുടെ ജീവിതവാസ്തവ്യങ്ങളിലായിരിക്കണം പ്രതിഫലിക്കുക.