അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യത്തിന്റെ സൂചന: മുന്നറിയിപ്പ് നല്‍കി പ്രധാന റസ്‌റ്റോറന്റ് ശൃംഖലകള്‍

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യത്തിന്റെ സൂചന: മുന്നറിയിപ്പ് നല്‍കി പ്രധാന റസ്‌റ്റോറന്റ് ശൃംഖലകള്‍


വാഷിംഗ്ടണ്‍: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോക്തൃ ചെലവില്‍ ശൈഥില്യം പ്രകടമായതായി പ്രമുഖ റെസ്‌റ്റോറന്റ് ശൃംഖലകള്‍ മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പവും തൊഴില്‍മാന്ദ്യവും മൂലം താഴ്ന്ന വരുമാനക്കാരുടെ വാങ്ങല്‍ശേഷി കനത്ത തിരിച്ചടിയിലാണെന്നതാണ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ചിപോട്ട്‌ലെ, മക്‌ഡൊണാള്‍ഡ്‌സ്, സ്വീറ്റ്ഗ്രീന്‍, വിങ്‌സ്‌റ്റോപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചത്. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ രണ്ടില്‍ മൂന്നിലൊന്ന് ഉപഭോക്തൃ ചെലവില്‍ നിന്നാണ് വളരുന്നതെന്നതിനാല്‍ ഈ പ്രവണത വ്യാപക പ്രതിഫലനം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍ പ്രസിദ്ധീകരിച്ച നവംബര്‍ ഉപഭോക്തൃ മനോഭാവ സൂചിക 2022ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കിന്റെ കണക്കനുസരിച്ച് കുടുംബ കടബാധ്യത റെക്കോര്‍ഡ് നിലയിലെത്തി.

ചിപോട്ട്‌ലെ

ആയിരക്കണക്കിന് ശാഖകളുള്ള ചിപോട്ട്‌ലെ മെക്‌സിക്കന്‍ ഗ്രില്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ലാഭറിപ്പോര്‍ട്ടില്‍ വിറ്റുവരവിലെ ഇടിവിന് കാരണം ഉപഭോക്തൃ മന്ദഗതിയാണെന്ന് വ്യക്തമാക്കി. 2025ല്‍ സെയിംസ്‌റ്റോര്‍ സെയില്‍സ് കുറയുമെന്ന് കമ്പനി അറിയിച്ചു. 1 ലക്ഷം ഡോളറിനു താഴെ വാര്‍ഷിക വരുമാനമുള്ള ഉപഭോക്താക്കള്‍, കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 40 ശതമാനത്തോളം പങ്കുവയ്ക്കുന്നവരായ ഇവര്‍, സാമ്പത്തിക ആശങ്കകള്‍ മൂലം ഭക്ഷണശാലകളിലെ വരവ് കുറച്ചതായി സിഇഒ സ്‌കോട്ട് ബോട്ട്‌റൈറ്റ് പറഞ്ഞു. കമ്പനിയുടെ ഓഹരി വില വര്‍ഷാരംഭത്തില്‍ നിന്ന് 50 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

സ്വീറ്റ്ഗ്രീന്‍

സ്വീറ്റ്ഗ്രീന്‍ കഴിഞ്ഞ ക്വാര്‍ട്ടറില്‍ വില്‍പ്പനയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. 25 മുതല്‍ 35 വയസുവരെയുള്ള യുവ ഉപഭോക്താക്കള്‍ കൂടുതലായി തിരിച്ചടി നേരിടുന്നതായി ഫിനാന്‍സ് ഓഫീസര്‍ ജെയ്മി മക്കോണല്‍ വ്യക്തമാക്കി. വില്‍പ്പനയില്‍ ഈ വിഭാഗത്തില്‍ 15 ശതമാനം ഇടിവാണ് ഉണ്ടായത്. ന്യൂയോര്‍ക്ക് മേഖലയിലും ലോസ് ആഞ്ചലസിലുമാണ് വില്‍പ്പന ഏറ്റവും കൂടുതല്‍ കുറഞ്ഞത്.

മക്‌ഡൊണാള്‍ഡ്‌സ്

താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കളുടെ റെസ്‌റ്റോറന്റ് സന്ദര്‍ശനം ' രണ്ട് അക്ക' നിരക്കില്‍ കുറഞ്ഞതായി മക്‌ഡൊണാള്‍ഡ്‌സ് സിഇഒ ക്രിസ്റ്റഫര്‍ കെംപ്ചിന്‍സ്‌കി വ്യക്തമാക്കി. അതേ സമയം, സമ്പന്ന ഉപഭോക്താക്കളില്‍ വളര്‍ച്ച തുടരുന്നതായി അദ്ദേഹം പറഞ്ഞു. 2019 മുതല്‍ 2024 വരെ മക്‌ഡൊണാള്‍ഡ്‌സ് മെനുവിലെ ശരാശരി വില 40 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില 'വാല്യു മീല്‍' പാക്കേജുകളുടെ വില കുറച്ച് നിലനിര്‍ത്താനുള്ള ശ്രമം കമ്പനി ആരംഭിച്ചിട്ടുണ്ട്.

വിങ്‌സ്‌റ്റോപ്പ്

ചിക്കന്‍ വിങ്‌സ് ശൃംഖലയായ വിങ്‌സ്‌റ്റോപ്പും കുറഞ്ഞ വരുമാനമുള്ള പ്രദേശങ്ങളിലെ വില്‍പ്പനയിടിവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ക്വാര്‍ട്ടറില്‍ 5 ശതമാനത്തിലേറെ സെയിംസ്‌റ്റോര്‍ സെയില്‍സ് ഇടിഞ്ഞതായി സിഇഒ മൈക്കല്‍ സ്‌കിപ്വര്‍ത്ത് അറിയിച്ചു. 'ഇത് താല്‍ക്കാലികമായേക്കാമെന്ന് വിശ്വസിക്കുന്നുവെങ്കിലും കാലാവധി പ്രവചിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നതനുസരിച്ച്, റെസ്‌റ്റോറന്റ് മേഖലയില്‍ രേഖപ്പെടുന്ന ഈ മന്ദഗതി, സമ്പദ്‌വ്യവസ്ഥയില്‍ വ്യാപകമായ ചെലവു ചുരുക്കലിന്റെ സൂചനയായേക്കാമെന്നത് ആശങ്കാജനകമാണ്.