പാക്കിസ്ഥാന്‍ ഭരണഘടന തിരുത്തി; ജനറല്‍ ആസിം മുനീറിന് പുതിയ അധികാര സ്ഥാനം

പാക്കിസ്ഥാന്‍ ഭരണഘടന തിരുത്തി; ജനറല്‍ ആസിം മുനീറിന് പുതിയ അധികാര സ്ഥാനം


ഇസ്ലാമാബാദ് : ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഏറ്റുമുട്ടലിന് പിന്നാലെ പാക്കിസ്ഥാന്‍ സൈനിക ഘടനയില്‍ വന്‍മാറ്റം. സായുധസേനകളില്‍ ഏകോപനവും ഐക്യകമാന്‍ഡും ഉറപ്പാക്കാന്‍ ഭരണഘടനയില്‍ 27ാം ഭേദഗതി ബില്‍ അവതരിപ്പിച്ചു. ഭേദഗതിയിലൂടെ 'ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സസ്' എന്ന പുതിയ പദവി സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഭരണഘടനയിലെ 243ാം അനുച്ഛേദത്തില്‍ മാറ്റം കൊണ്ടുവരുന്ന ബില്ല് നിയമമന്ത്രി അസം നസീര്‍ തരാര്‍ സെനറ്റില്‍ അവതരിപ്പിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനു മണിക്കൂറുകള്‍ക്കകം ബില്‍ സഭയില്‍ അവതരിപ്പിക്കുകയായിരുന്നു.

ഭേദഗതിപ്രകാരം , പ്രധാനമന്ത്രിയുടെ ഉപദേശം അടിസ്ഥാനമാക്കി പ്രസിഡന്റ് സൈന്യത്തലവനെയും ഡിഫന്‍സ് ഫോഴ്‌സസ് മേധാവിയെയും നിയമിക്കും. ആര്‍മി ചീഫ് ആയിരിക്കും ഡിഫന്‍സ് ഫോഴ്‌സസിന്റെ തലവനും. പ്രധാനമന്ത്രിയുമായി ആലോചിച്ച് അദ്ദേഹം തന്നെ നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവിയെ നിയമിക്കും. ഈ പദവി സൈന്യത്തില്‍ നിന്നുള്ള ഒരാളായിരിക്കും.

അതേസമയം, സര്‍ക്കാരിന് ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി അംഗങ്ങളെ യഥാക്രമം ഫീല്‍ഡ് മാര്‍ഷല്‍, മാര്‍ഷല്‍ ഓഫ് എയര്‍ ഫോഴ്‌സ്, അഡ്മിറല്‍ ഓഫ് ദ ഫ്‌ലീറ്റ് പദവികളിലേക്ക് ഉയര്‍ത്താനുള്ള അധികാരവും ബില്ല് നല്‍കുന്നു. ഫീല്‍ഡ് മാര്‍ഷലിന് ആയുസ് മുഴുവന്‍ ആ പദവിയും ആനുകൂല്യങ്ങളും നിലനില്‍ക്കും.

നിലവിലെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പദവി 2025 നവംബര്‍ 27ന് അവസാനിക്കും.

ഇന്ത്യയുമായുണ്ടായ മേയ് മാസത്തെ ഏറ്റുമുട്ടലാണ് ഈ നീക്കത്തിന് പ്രചോദനമായതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനെ തുടര്‍ന്ന് ഇന്ത്യ മേയ് 7ന് പാക്ക് നിയന്ത്രണപ്രദേശങ്ങളിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചിരുന്നു. നാല് ദിവസത്തെ സൈനിക സംഘര്‍ഷം മേയ് 10ന് ആണ് അവസാനിച്ചത്.

ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ അമേരിക്കന്‍ എഫ്-16 ഉള്‍പ്പെടെ ഡസനോളം പാക് വിമാനങ്ങള്‍ തകര്‍ന്നുവെന്നാണ് ഇന്ത്യന്‍ വ്യോമസേനാമേധാവി എ. പി. സിംഗ് വെളിപ്പെടുത്തിയത്. അതിനു പിന്നാലെ പാക് സര്‍ക്കാര്‍ ആര്‍മി ചീഫ് ജനറല്‍ ആസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി ഉയര്‍ത്തിയിരുന്നു.

27ാം ഭേദഗതി ബില്ലില്‍ ഫെഡറല്‍ ഭരണഘടനാ കോടതി രൂപീകരണം, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനരീതിയിലെ മാറ്റം, പ്രവിശ്യാ മന്ത്രിസഭകളുടെ ഘടനാ പരിധി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 ബില്‍ അതിവേഗം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രതിപക്ഷ കക്ഷിയായ ഇമ്രാന്‍ ഖാന്‍ നേതൃത്വം കൊടുക്കുന്ന പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചു. 'പ്രതിപക്ഷ നേതാവ് ഇല്ലാതിരിക്കെ ഭരണഘടന ഭേദഗതി ചര്‍ച്ച ചെയ്യുന്നത് ശരിയല്ല,'  എന്ന് പാര്‍ട്ടി നേതാവ് അലി സഫര്‍ അഭിപ്രായപ്പെട്ടു.

സെനറ്റ് ചെയര്‍മാന്‍ യൂസഫ് റസാ ഗിലാനി ബില്ല് നിയമ-നീതിസംബന്ധമായ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് അവലോകനത്തിനായി അയച്ചു. കമ്മിറ്റികളുടെ സംയുക്ത റിപ്പോര്‍ട്ട് പിന്നീട് സഭയ്ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നാണ് അറിയിപ്പ്.