കാബൂള്‍ : അഫ്ഗാന്‍-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ ഇസ്താംബൂളില്‍ വീണ്ടും പരാജയപ്പെട്ടതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ചര്‍ച്ചയില്‍ പാകിസ്ഥാന്‍ 'സത്യവിരുദ്ധമായ സമീപനവും ഉത്തരവാദിത്വരഹിതമായ നിലപാടുമാണ് സ്വീകരിച്ചതെന്ന് താലിബാന്‍ ഭരണകൂടം ആരോപിച്ചു.
തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നവംബര്‍ 6നും 7നുമാണ് ഒടുവില്‍ ചര്‍ച്ച നടന്നത്. 'അഫ്ഗാന്‍ പ്രതിനിധികള്‍ പൂര്‍ണ്ണ അധികാരത്തോടെയും സത്യസന്ധ മനോഭാവത്തോടെയും ചര്‍ച്ചയില്‍ പങ്കെടുത്തു, എന്നാല്‍ പാകിസ്ഥാന്‍ വീണ്ടും ഉത്തരവാദിത്തമില്ലാത്ത സമീപനം സ്വീകരിച്ചു,' എന്നായിരുന്നു ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 8ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പുറത്തിറക്കിയ പ്രസ്താവനയിലെ ആരോപണം.
പാകിസ്ഥാന്‍ സ്വന്തം സുരക്ഷാ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവായി അത് അഫ്ഗാന്‍ സര്‍ക്കാരിന്മേല്‍ ചുമത്താന്‍ ശ്രമിച്ചതായി താലിബാന്‍ ആരോപിച്ചു. 'അഫ്ഗാന്‍ ജനതയുടെ ഭൂമിയും സ്വാതന്ത്ര്യവും സംരക്ഷിക്കുക എമിറേറ്റിന്റെ മതപരമായും ദേശീയമായും കടമയാണ്. ആക്രമണം ഉണ്ടായാല്‍ അതിന് പ്രതിരോധം തീര്‍ക്കും,' പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ചര്‍ച്ചകള്‍ 'അനിശ്ചിത ഘട്ടത്തില്‍' അവസാനിച്ചുവെന്നും 'നാലാം ഘട്ടത്തിന് ഇപ്പോള്‍ പദ്ധതികളില്ല'െന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ അസിഫ് വ്യക്തമാക്കി. 'അഫ്ഗാന്‍ ജനതയുടെ സഹനശേഷി പരീക്ഷിക്കരുത്' എന്ന് അഫ്ഗാന്‍ അതിര്‍ത്തി, ഗോത്രകാര്യ മന്ത്രിയായ നൂരുല്ല നൂറി പാകിസ്ഥാന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പുനല്‍കി. 'യുദ്ധം ആരംഭിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ എഴുന്നേറ്റുവരുമെന്നും നൂറി മുന്നറിയിപ്പു നല്‍കി.
താഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ (TTP) സംബന്ധിച്ച പ്രശ്‌നം പുതിയതല്ലെന്നും 2002 മുതല്‍ തുടരുന്ന ഒന്നാണെന്നും മുജാഹിദിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. 'TTPയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ സഹായം ചെയ്‌തെങ്കിലും, പാകിസ്ഥാന്‍ സൈന്യം തന്നെ അത് തകര്‍ത്തുവെന്നും മുജാഹിദ് ആരോപിച്ചു.
അതിര്‍ത്തി സംഘര്‍ഷം കുറയ്ക്കാനായിരുന്നു ഇസ്താംബൂള്‍ ചര്‍ച്ചകള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പാകിസ്ഥാന്റെ 'വഞ്ചനാപരമായ നിലപാട്' അഫ്ഗാനിസ്ഥാനില്‍ ശക്തമായ പ്രതികരണം സൃഷ്ടിച്ചു. അതിര്‍ത്തിയില്‍ താല്‍ക്കാലികമായ ഒരു വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുവെങ്കിലും, പാകിസ്ഥാന്‍ വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി ലംഘനങ്ങള്‍ നടത്തുമെന്ന് കാബൂള്‍ സര്‍ക്കാരിന് സംശയമുണ്ട്.
''യുദ്ധത്തിന് തയ്യാര്‍'' : ഇസ്താംബൂള്‍ സമാധാനചര്‍ച്ച പരാജയപ്പെട്ടതോടെ പാകിസ്ഥാന് മുന്നറിയിപ്പുനല്‍കി താലിബാന്‍
