ശബരിമല ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ വിര്‍ച്വല്‍ ക്യൂ (VQ) വഴി മുന്‍കൂര്‍ ബുക്കിങ് നിര്‍ബന്ധമായും നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ബുക്കിങ് ചെയ്തവര്‍ക്കായി സമയം നിശ്ചയിച്ചിട്ടുണ്ടെന്നും, അതനുസരിച്ച് ദര്‍ശനത്തിനെത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. സ്‌പോട്ട് ബുക്കിങ് വളരെ പരിമിതമായതിനാല്‍ മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ എത്തുന്നവരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുക്കിങ് ഇല്ലാതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘനേരം കാത്തിരിപ്പിനും തിരക്ക് മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണമില്ലാത്ത തിരക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ തകരാനുള്ള സാഹചര്യമുണ്ടാക്കുമെന്നും, തീര്‍ത്ഥാടകര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ VQ സ്ലോട്ട് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മാത്രമേ പമ്പയിലും ശബരിമലയിലും എത്താവൂ എന്നും അധികൃതര്‍ പറഞ്ഞു.
തീര്‍ത്ഥാടകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
കയറ്റത്തിനിടയില്‍ ഓരോ 10 മിനിറ്റിനുശേഷം 5 മിനിറ്റ് വിശ്രമം എടുക്കണം.
പരമ്പരാഗത പാതയായ മരക്കൂട്ടം-ശരംകുത്തി-നടപ്പന്തല്‍ വഴി സന്നിധാനത്തേക്ക് പോകണം.
ക്യൂ സിസ്റ്റം പാലിച്ച് പതിനെട്ടാംപടിയില്‍ പ്രവേശിക്കണം.
തിരിച്ചുപോകുമ്പോള്‍ നടപ്പന്തല്‍ ഫ്‌ളൈ ഓവര്‍ വഴിയാണ് യാത്ര നടത്തേണ്ടത്.
ശൗചാലയങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഉപയോഗിക്കണം.
ഡോളി ഉപയോഗിക്കുന്നവര്‍ ദേവസ്വം കൗണ്ടറിലൂടെ പണമടച്ച രസീത് കരുതണം.
സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണം; സഹായം ആവശ്യമുണ്ടെങ്കില്‍ പോലീസിനെ സമീപിക്കണം.
അടിയന്തര സാഹചര്യമുണ്ടായാല്‍ പോലീസ് ഹെല്‍പ് ലൈന്‍ ആയ 14432ല്‍ ബന്ധപ്പെടാം.
സംശയാസ്പദരായ ആളുകളെ കണ്ടാല്‍ പോലീസിനെ അറിയിക്കണം.
ലൈസന്‍സ് ഉള്ള കടകളില്‍ നിന്നുമാത്രം ഭക്ഷണവസ്തുക്കള്‍ വാങ്ങണം.
പമ്പ, സന്നിധാനം, കയറ്റപ്പാത എന്നിവ ശുചിയായി സൂക്ഷിക്കണം.
വാഹനങ്ങള്‍ അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ.
മാലിന്യങ്ങള്‍ മാലിന്യപ്പെട്ടികളില്‍ മാത്രമേ തള്ളാവൂ.
ആവശ്യമെങ്കില്‍ മെഡിക്കല്‍ സെന്ററുകളും ഓക്‌സിജന്‍ പാര്‍ലറുകളും ഉപയോഗിക്കാം.
കുട്ടികളും പ്രായമായവരും വിലാസവും ഫോണ്‍ നമ്പറും അടങ്ങിയ ഐഡി കാര്‍ഡ് കഴുത്തില്‍ ധരിക്കണം.
കൂട്ടത്തില്‍ നിന്ന് വേര്‍പെടുകയാണെങ്കില്‍ പോലീസ് സഹായകേന്ദ്രത്തെ സമീപിക്കണം.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
പമ്പയിലും സന്നിധാനത്തിലും പുകവലിക്കരുത്, മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കരുത്.
ക്യൂ ലംഘിക്കുകയോ തിരക്കില്‍ ഓടുകയോ ചെയ്യരുത്.
ആയുധങ്ങളോ അപകടകാരികളായ വസ്തുക്കളോ കൊണ്ടുവരരുത്.
അനധികൃത വ്യാപാരികളെ പ്രോത്സാഹിപ്പിക്കരുത്.
ശൗചാലയങ്ങള്‍ക്കു പുറത്തു മൂത്രവിസര്‍ജനം ചെയ്യരുത്.
ഒരു സേവനത്തിനും നിശ്ചിത തുകയില്‍ അധികം പണം നല്‍കരുത്.
മാലിന്യം എവിടെവെച്ചും തള്ളരുത്.
പതിനെട്ടാംപടിയില്‍ തേങ്ങ ഉടയ്ക്കരുത്; അതിനായി നിശ്ചിത സ്ഥലങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
പടികള്‍ കയറുമ്പോള്‍ കാല്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കരുത്.
മുകളിലത്തെ തിരുമുറ്റത്തോ തന്ത്രിനടയിലോ വിശ്രമിക്കരുത്.
നടപ്പന്തലിലോ താഴത്തെ തിരുമുറ്റത്തിലോ വിരികള്‍ വിരിച്ചിരിക്കരുത്.
പമ്പാനദിയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയരുത്.
ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് അനിവാര്യമെന്ന് ദേവസ്വം ബോര്‍ഡ്; സമയാനുസൃതമായി ദര്‍ശനത്തിനെത്തണം; ബുക്കിങ് ഇല്ലാത്തവര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും
