തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ യുവതി ചികിത്സയ്ക്കിടെ മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ യുവതി ചികിത്സയ്ക്കിടെ മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം


തിരുവനന്തപുരം: പ്രസവത്തിനെത്തിയ യുവതി തുടർ ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണം. കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണം അണുബാധയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

ഒക്ടോബർ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും ചെയ്തു. ഇത് അണുബാധയെ തുടർന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാക്ടീരിയൽ ഇൻഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രിയും നൽകുന്ന വിശദീകരണം. എന്നാൽ ഇൻഫെക്ഷൻ ബാധിച്ചത് ആശുപത്രിയിൽ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്വാഭാവിക പ്രസവമായിരുന്നു ശിവ പ്രിയയുടേത്. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ഗർഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റി. ഡിസ്ചാർജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ പനി കൂടി. വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യ നില മോശമാകുകയായിരുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുകൾ പറഞ്ഞു. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും ശിവ പ്രിയയുടെ ഭർത്താവ് പ്രതികരിച്ചു.