കോതമംഗലത്ത് കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

കോതമംഗലത്ത് കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍


കോതമംഗലം: നെല്ലിക്കുഴിയില്‍ ബി ബി എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ കോളെജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിലെ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനി ഇടുക്കി മാങ്കുളം മുനിപ്പാറ സ്വദേശി മലനിരപ്പലില്‍ ഹരിയുടെ മകള്‍ നന്ദന(19)യാണ് മരിച്ചത്.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളെജിലെ ഹോസ്റ്റല്‍ മുറിയില്‍ ഞായര്‍ രാവിലെ എട്ടിനാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം സെമെസ്റ്റര്‍ പരീക്ഷയുടെ സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള വിദ്യാര്‍ഥികള്‍ വീട്ടില്‍ പോയിരിക്കുകയായിരുന്ന സമയത്താണ് സംഭവം.

കോളെജില്‍ ചേര്‍ന്നിട്ട് നാലു മാസമേ ആയിരുന്നുള്ളു. ജൂലൈയില്‍ ആയിരുന്നു ക്ലാസ് ആരംഭിച്ചത്. 

നന്ദനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഹരി പറഞ്ഞു. വെള്ളിയാഴ്ച മകള്‍ ഫോണില്‍ വിളിച്ചിരുന്നതായും 35,000 രൂപ കോളെജ് ഫീസ് അയച്ചുകൊടുത്തതായും പിതാവ് ഹരി പറഞ്ഞു.

മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് എറണാകുളം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി കോതമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ പി ടി ബിജോയ് പറഞ്ഞു. പെണ്‍കുട്ടിയില്‍ യാതൊരു അസ്വഭാവികതയും കണ്ടിരുന്നില്ലെന്ന് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. വിജി കെ രാമകൃഷ്ണന്‍ പറഞ്ഞു.