മനില: സൂപ്പര്‍ ടൈഫൂണ്‍ ഫംഗ്-വോങ് ഫിലിപ്പൈന്‍സിന്റെ കിഴക്കന്‍ തീരത്ത് കര തൊട്ടതായി രാജ്യത്തിന്റെ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുമ്പ് കിഴക്കന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് രണ്ട് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഫിലിപ്പൈന്‍സിന്റെ ഭൂരിഭാഗം പ്രദേശങ്ങളേയും സ്പര്‍ശിക്കുന്ന വന്‍ ചുഴലിക്കാറ്റായ ഫംഗ്-വോങ് ലുസോണ്‍ ദ്വീപിലെ ഔറോറ പ്രവിശ്യയില്‍ പ്രാദേശിക സമയം രാത്രി 9.10നാണ് കര തൊട്ടത്. ശക്തമായ കാറ്റും കനത്ത മഴയും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച 220ലധികം പേരുടെ ജീവന്‍ കവര്‍ന്ന ടൈഫൂണ്‍ കല്‍മേഗിയുടെ ആഘാതത്തില്‍ നിന്നു രാജ്യം മുക്തമാകുന്നതിന് മുമ്പാണ് അടുത്ത കാറ്റ് വീശുന്നത്.
ഫംഗ്-വോങിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഫിലിപ്പൈന്‍സിലെ കാറ്റ്ബലോഗന്‍ സിറ്റിയില്‍ 64 കാരി സ്ത്രീ മരിച്ചതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിലും മഴയിലും വീട്ടിനുള്ളില്‍ വെച്ചു മറന്ന എന്തോ വസ്തു എടുക്കാന്‍ തിരികെ പോയപ്പോഴാണ് അപകടത്തില്‍ പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെറിയ ദ്വീപായ കാറ്റന്‍ഡുവാനെസില്‍ മറ്റൊരാള്‍ പെട്ടെന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചതായി ദുരന്തനിവാരണ വകുപ്പ് സ്ഥിരീകരിച്ചു.
