ഇസ്രയേല്‍ ഓഫീസറുടെ അവശിഷ്ടങ്ങള്‍ കൈമാറിയതായി ഹമാസ്; ഐ ഡി എഫ് സ്ഥിരീകരിച്ചു

ഇസ്രയേല്‍ ഓഫീസറുടെ അവശിഷ്ടങ്ങള്‍ കൈമാറിയതായി ഹമാസ്; ഐ ഡി എഫ് സ്ഥിരീകരിച്ചു


തെല്‍അവീവ്: 2014ലെ ഗാസാ യുദ്ധത്തിനിടെ കാണാതായ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ ഹദാര്‍ ഗോള്‍ഡിന്റെ അവശിഷ്ടങ്ങളാണെന്ന് അവകാശപ്പെട്ട മൃതദേഹം ഹമാസ് അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേല്‍ പ്രതിരോധസേന (ഐ ഡി എഫ്) സ്ഥിരീകരിച്ചു. മൃതദേഹം ഇസ്രയേലില്‍ എത്തിച്ചശേഷം ഫോറന്‍സിക് വിദഗ്ധര്‍ അത് ഗോള്‍ഡിനുടേതാണോ എന്ന് സ്ഥിരീകരിക്കുമെന്ന് സൈന്യം അറിയിച്ചു.

ഹമാസിന്റെ സായുധ വിഭാഗമായ ഇസ്ഹദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അവരുടെ ടെലഗ്രാം ചാനലില്‍ റഫാ നഗരത്തിലെ ഒരു തുരങ്കത്തില്‍ നിന്ന് കണ്ടെത്തിയ ഇസ്രയേല്‍ ഓഫീസര്‍ ഹദാര്‍ ഗോള്‍ഡിന്റെ മൃതദേഹം തങ്ങള്‍ കൈമാറുമെന്ന് പ്രസ്താവിച്ചിരുന്നു. 

മൃതശരീരം ഹദാര്‍ ഗോള്‍ഡിന്റേതാണെന്ന് സ്ഥിരീകരിക്കപ്പെടുന്നുവെങ്കില്‍ ഈ മാസം ഒക്ടോബര്‍ 10ന് ആരംഭിച്ച യുദ്ധവിരാമ കരാറിന് ശേഷം ഹമാസ് തിരികെ നല്‍കിയ 24-ാമത്തെ ഇസ്രയേല്‍ ബന്ദിയുടെ മൃതദേഹമായിരിക്കും അത്. ഇതുവരെ ഹമാസ് അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല.

2014ലെ അതേ യുദ്ധത്തില്‍ കൊല്ലപ്പെട്ട മറ്റൊരു ഇസ്രയേല്‍ സൈനികനായ ഓറോണ്‍ ഷൗളിന്റെ മൃതദേഹം ഈ വര്‍ഷം തുടക്കത്തില്‍ തിരികെ ലഭിച്ചിരുന്നു. 

23കാരനായ ഹദാര്‍ ഗോള്‍ഡിന്‍ ഹമാസിന്റെ തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനായി നിയോഗിച്ചിരുന്ന ഇസ്രയേല്‍ യൂണിറ്റിന്റെ ഭാഗമായിരുന്നു. 2014 ഓഗസ്റ്റ് 1ന്, 72 മണിക്കൂര്‍ നീണ്ട യുദ്ധവിരാമം പ്രാബല്യത്തില്‍ വന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മിലിറ്റന്റുകള്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ യൂണിറ്റ് പിടിക്കപ്പെട്ടതും ഗോള്‍ഡിന്‍ കൊല്ലപ്പെട്ടതും.