തായ്ലന്‍ഡ്-മലേഷ്യ അതിര്‍ത്തിയില്‍ 300ലധികം യാത്രക്കാരുമായി ബോട്ട് മുങ്ങി; നൂറുകണക്കിന് പേരെ കാണാതായി

തായ്ലന്‍ഡ്-മലേഷ്യ അതിര്‍ത്തിയില്‍ 300ലധികം യാത്രക്കാരുമായി ബോട്ട് മുങ്ങി; നൂറുകണക്കിന് പേരെ കാണാതായി


ക്വാലാലംപൂര്‍: തായ്ലന്‍ഡ്- മലേഷ്യ അതിര്‍ത്തിക്ക് സമീപം 300ലധികം ആളുകളുമായി പോയ ബോട്ട് മറിഞ്ഞ് മുങ്ങി. നിരവധി പേരെ കാണാതായതായി മലേഷ്യന്‍ മാരിടൈം അതോറിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മ്യാന്‍മറിലെ ബുതിദാങ്ങില്‍ നിന്നു പുറപ്പെട്ട ബോട്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്് അതിര്‍ത്തിക്കടുത്ത് മുങ്ങിയതെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കടലില്‍ നിന്നും കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നും വടക്കന്‍ മലേഷ്യന്‍ സംസ്ഥാനങ്ങളായ കെദാ, പെര്‍ലിസ് മേഖലകളിലെ മാരിടൈം അതോറിറ്റി മേധാവി ഫസ്റ്റ് അഡ്മിറല്‍ റോമ്ലി മുസ്തഫ അറിയിച്ചു.

ലങ്കാവി തീരത്തുനിന്ന് രക്ഷപ്പെടുത്തിയവരില്‍ മ്യാന്‍മറില്‍ നിന്നുള്ള മൂന്ന് പുരുഷന്മാര്‍, രോഹിങ്ക്യ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍, ഒരാള്‍ ബംഗ്ലാദേശുകാരന്‍ എന്നിവരാണ്. രോഹിങ്ക്യ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയതായി കെദാ പൊലീസ് മേധാവി അഡ്സ്ലി അബു ഷായെ ഉദ്ധരിച്ച് ബെര്‍നാമ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മ്യാന്‍മറില്‍ നിന്ന് പലപ്പോഴും പീഡനങ്ങളുടെയും പൗരത്വനിഷേധത്തിന്റെയും ഇരകളായി മലേഷ്യയിലേക്കും മറ്റുരാജ്യങ്ങളിലേക്കും രക്ഷപ്പെടാനാണ് മുസ്ലിം ന്യൂനപക്ഷമായ രോഹിങ്ക്യര്‍ ശ്രമിക്കുന്നത്. അവര്‍ ദക്ഷിണേഷ്യയില്‍ നിന്ന് എത്തിയ വിദേശികളാണെന്ന നിലപാടാണ് മ്യാന്‍മര്‍ അധികാരികള്‍ സ്വീകരിക്കുന്നത്.

ആദ്യഘട്ടത്തില്‍ മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ വലിയ ബോട്ടിലാണ് കയറിയിരുന്നത്. എന്നാല്‍ അതിര്‍ത്തിക്കടുത്തെത്തിയപ്പോള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഏകദേശം 100 പേരെ വീതം കയറ്റിയ മൂന്നു ചെറു ബോട്ടുകളിലേക്കാണ് അവരെ മാറ്റിയതെന്ന് പൊലീസ് മേധാവി അഡ്സ്ലി അബു ഷാ അറിയിച്ചു.

മറ്റു രണ്ടുബോട്ടുകളുടെ അവസ്ഥ ഇതുവരെ വ്യക്തമല്ലെന്നും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അധികാരികള്‍ വ്യക്തമാക്കി.