തീരുവകള്‍ എതിര്‍ക്കുന്നവര്‍ വിഡ്ഡികളെന്ന് ട്രംപ്; യു എസ് പൗരന് രണ്ടായിരം ഡോളര്‍ ഡിവിഡന്റെന്നും വാഗ്ദാനം

തീരുവകള്‍ എതിര്‍ക്കുന്നവര്‍ വിഡ്ഡികളെന്ന് ട്രംപ്; യു എസ് പൗരന് രണ്ടായിരം ഡോളര്‍ ഡിവിഡന്റെന്നും വാഗ്ദാനം


വാഷിങ്ടണ്‍: താരിഫ് നയത്തെ എതിര്‍ക്കുന്നവരെ വിഡ്ഡികളെന്ന് വിശേഷിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഞായറാഴ്ച ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് തന്റെ വിമര്‍ശകരെ ട്രംപ് വിഡ്ഡികളാക്കിയത്. 

തീരുവ നയം അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറ്റുമെന്ന് അവകാശപ്പെട്ട ട്രംപ് രാജ്യത്തിന് താരിഫ് വഴി 'ട്രില്ല്യണ്‍ ഡോളറുകള്‍' ലഭിക്കുന്നതിനാല്‍ ഓരോ പൗരനും 2,000 ഡോളര്‍ ഡിവിഡന്റ് നല്‍കുമെന്നും പ്രഖ്യാപിച്ചു.

തന്റെ നേതൃത്വത്തിലുള്ള അമേരിക്ക ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്ന രാജ്യവുമാണെന്നും വിലക്കയറ്റം വളരെ കുറവായും ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണെന്നും അദ്ദേഹം പറഞ്ഞു.

താരിഫ് വഴി ലഭിക്കുന്ന ട്രില്ല്യണ്‍ ഡോളറുകള്‍ ഉപയോഗിച്ച് ഉടന്‍ 37 ട്രില്ല്യണ്‍ ഡോളറിന്റെ ദേശീയ കടം കുറയ്ക്കാന്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു. 

റെക്കോര്‍ഡ് നിക്ഷേപങ്ങളാണ് ഇപ്പോള്‍ അമേരിക്കയിലേക്ക് ഒഴുകിവരുന്നതെന്നും 

അദ്ദേഹം അവകാശപ്പെട്ടു. രാജ്യമെങ്ങും പുതിയ പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നു വരികയാണെന്നും ഉയര്‍ന്ന വരുമാനക്കാരെ ഒഴികെ ഓരോ വ്യക്തിക്കും കുറഞ്ഞത് 2,000 ഡോളര്‍ ഡിവിഡന്റ് നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഡെമോക്രാറ്റുകള്‍ അടുത്തിടെ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് തന്റെ താരിഫ് നയത്തെ വീണ്ടും ശക്തമായി അവതരിപ്പിച്ച് രംഗത്തെത്തിയത്. പ്രത്യേകിച്ച് ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സോഹ്രാന്‍ മംദാനിയുടെ ഭൂരിപക്ഷ വിജയം ട്രംപിനെ വല്ലാതെ ബാധിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

ട്രംപ് മറ്റൊരു പോസ്റ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ഫിലിബസ്റ്റര്‍ നിയമം റദ്ദാക്കാനും സര്‍ക്കാരിന്റെ ഭാഗിക അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബുദ്ധിമാന്മാരുടെ പാര്‍ട്ടിയാകണം, ഭോഷന്മാരുടേത് അല്ല! ഷട്ട്ഡൗണ്‍ അവസാനിപ്പിച്ച് മികച്ച നിയമങ്ങള്‍ പാസാക്കി മിഡ്ടേം തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്നും അദ്ദേഹം കുറിച്ചു.

പണമിടപാടുകള്‍ ജനങ്ങള്‍ക്ക് കൊടുക്കണമെന്നും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കല്ലെന്നും മറ്റൊരു പോസ്റ്റില്‍ കുറിച്ച ട്രംപ് ഒബാമാകെയര്‍ ഏറ്റവും മോശം ഹെല്‍ത്ത്കെയര്‍ സംവിധാനമാണെന്നും ഉയര്‍ന്ന നിരക്കില്‍ ലഭിക്കുന്നതും ഏറ്റവും മോശമായ സേവനവുമാണെന്നും വിമര്‍ശിച്ചു.