ഇസ്ലാമാബാദ്: സൈനിക കമാന്‍ഡ് ഘടനയില്‍ വന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ 27-ാമത് ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
ഭേദഗതിയില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശം സൈന്യത്തിലെ ചെയര്‍മാന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന പദവി ഒഴിവാക്കി ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സസ് എന്ന പുതിയ സ്ഥാനമുണ്ടാക്കുന്നതാണ്. ഇതോടെ നിലവിലെ സൈന്യാധിപനായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണ് പാകിസ്ഥാനിലെ ആദ്യ സി ഡി എഫ് ആവുക.
ഭേദഗതിയില്‍ ഫെഡറല്‍ ഭരണഘടനാ കോടതി സ്ഥാപിക്കുക, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്തുക, സുപ്രിം കോടതിയുടെ അധികാരം കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്നു.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നയിക്കുന്ന പാകിസ്ഥാന്‍ തഹ്രീഖ്-എ-ഇന്‍സാഫ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ തഹ്രീഖ്-എ-തഹഫുസ് ആയീന്‍-എ-പാകിസ്ഥാന്‍ (ടി ടി എ പി) ആണ് സമരം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച ടി ടി എ പി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ തകര്‍ക്കുന്നുവെന്ന് പ്രസ്താവിച്ചു.
പാകിസ്ഥാനിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യം ഈ ഭരണഘടനാ ഭേദഗതിക്കെതിരെ ഉണരേണ്ടതുണ്ടെന്നും സഖ്യത്തിലുള്ള മജ്‌ലിസ് വഹ്ദത്-ഉല്‍-മുസ്ലിമീന്‍ നേതാവ് അല്ലാമ രാജാ നാസിര്‍ അബ്ബാസ് പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യത്തിന് ജയമാകട്ടെ, ഏകാധിപത്യത്തിന് അസ്തമനം വരട്ടെ എന്നതായിരിക്കും സമര മുദ്രാവാക്യമെന്ന് പശ്തൂന്‍ഖ്വ മില്ലി അവാമി പാര്‍ട്ടിയുടെ അധ്യക്ഷന്‍ മഹ്മൂദ് ഖാന്‍ അചക്സായി പറഞ്ഞു.
രാഷ്ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെടുന്നതും സമരത്തിന്റെ ഭാഗമായിരിക്കും എന്നും ഭേദഗതി പാസാക്കാനുള്ള സര്‍ക്കാരിന്റെ ഏകാധിപത്യ നീക്കത്തിനെതിരെ പ്രതിപക്ഷത്തിന് തെരുവിലിറങ്ങാതെ മാര്‍ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
