തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ ബുധനാഴ്ച ഇതു സംബന്ധിച്ച വിശദാംശങ്ങളും ഔദ്യോഗിക പ്രഖ്യാപനവും നടത്തും.
അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്റീനയ്ക്ക് ആതിഥ്യമരുളാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അര്‍ജന്റീന കേരളത്തില്‍ വന്ന് ഏതു ടീമുമായി കളിക്കുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല.
സന്ദര്‍ശന ഫീസ് ഇനത്തില്‍ നല്‍കേണ്ട വന്‍ തുകയും സൗകര്യങ്ങളൊരുക്കാന്‍ ആവശ്യമായ ചെലവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അര്‍ജന്റീനയെ ക്ഷണിക്കാന്‍ വിമുഖത കാണിച്ചത്.
അര്‍ജന്റീന സന്ദര്‍ശിച്ച മന്ത്രി വി അബ്ദുറഹ്മാന്‍ ഫുട്ബാള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയാണ് ടീമിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
അര്‍ജന്റീന വന്നാല്‍ ഗേറ്റ് കലക്ഷനും ടെലിവിഷന്‍ സംപ്രേഷണാവകാശവും പരസ്യ വരുമാനമായി ലഭിക്കുന്ന തുകയും എല്ലാം ചേര്‍ത്ത് ചെലവ് വരുതിയില്‍ നിര്‍ത്താമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
നൂറു കോടിയോളം രൂപയാണ് ചെലവു വരികയെന്നാണ് കണക്കാക്കുന്നത്. സ്‌പോണ്‍സര്‍മാര്‍ വഴി ഈ തുക കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും ആരായുന്നുണ്ട്. സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ ധാരണയായെന്ന വിവരവുമുണ്ട്.
അര്‍ജന്റീന ടീം അടുത്ത വര്‍ഷമായിരിക്കും കേരളത്തിലെത്തുക. എന്നാല്‍ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഏഷ്യയിലെ രണ്ട് പ്രമുഖ ടീമുകളുമായി അര്‍ജന്റീന ഏറ്റുമുട്ടുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുന്നതിനും ശ്രമങ്ങളുണ്ടാകും.