ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ- പാക് മത്സര ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് ഒരു മണിക്കൂറിനകം

ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ- പാക് മത്സര ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് ഒരു മണിക്കൂറിനകം


ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി ദുബായില്‍ നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. യു എ ഇയിലെയും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനു ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം പേര്‍ക്കും നിരാശയായിരുന്നു ഫലം.

അതേസമയം, മത്സരത്തിന്റെ ടിക്കറ്റുകള്‍ ആറിരട്ടി വരെ നിരക്ക് കൂട്ടി അനൗദ്യോഗിമായി വില്‍ക്കുന്നതിന്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലെയ്സിലും മറ്റ് ക്ലാസിഫൈഡ് സൈറ്റുകളിലും 3,500 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 125 ദിര്‍ഹമാണ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ ഔദ്യോഗിക നിരക്ക്.

ഏറ്റവും കൂടുതല്‍ കാണികള്‍ നേരിട്ടെത്തുന്ന മത്സരമാണ് ഇന്ത - പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍. അനൗദ്യോഗിക വില്‍പ്പനയിലൂടെയാണെങ്കില്‍ പോലും ടിക്കറ്റ് കിട്ടിയാല്‍ മതിയെന്ന വികാരത്തിലാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായ പ്രവാസികള്‍.

എന്നാല്‍, സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിലയ്ക്കാണ് ഇപ്പോള്‍ അനൗദ്യോഗിക വില്‍പ്പന നടക്കുന്നത്. ഇന്ത്യന്‍ നിരക്കില്‍ ഇത് 75,000 രൂപയോളം വരും. മത്സര ദിനം അടുക്കുന്തോറും നിരക്ക് ഇനിയും കൂടുമെന്ന ആശങ്കയാണ് ക്രിക്കറ്റ് ആസ്വാദകര്‍ക്കുള്ളത്.

യു എ ഇയില്‍ നടക്കുന്ന നാല് മത്സരങ്ങളുടെയും ടിക്കറ്റ് കൈവശമുള്ള ചില റീസെല്ലര്‍മാര്‍ 6,000 ദിര്‍ഹത്തിന് അവ മൊത്തമായി വില്‍ക്കാനും തയാറാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങളും ഒരു സെമിഫൈനലുമാണ് ദുബായില്‍ നടത്തുക.

ടിക്കറ്റുകള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്നാണ് റീസെല്ലര്‍മാര്‍ അവകാശപ്പെടുന്നത്.