ഏഷ്യാ കപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീമില്‍ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ്

ഏഷ്യാ കപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീമില്‍ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ്


പാലാ: തായ്വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ ഒക്ടോബര്‍ 15 മുതല്‍ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്‌ബോള്‍ ഏഷ്യന്‍ യൂണിവേഴ്സിറ്റി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമില്‍ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളില്‍ കെ വി ജോസുകുട്ടിയുടെ മകള്‍ മനീഷ ജോസഫാണ് ദേശീയ ടീമില്‍ ഇടം നേടിയത്. കേരളത്തില്‍ നിന്നും അലീന ജോബി (എറണാകുളം), നന്ദ എസ് പ്രവീണ്‍ (തിരുവനന്തപുരം) എന്നിവരും ദേശീയ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ഥിനിയാണ് മനീഷ ജോസഫ്. പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍  പഠിക്കുന്ന കാലത്താണ് സോഫ്റ്റ് ബോളിലേയ്ക്ക് തിരിഞ്ഞതെന്ന് മനീഷ പറഞ്ഞു. 

തുടര്‍ന്നു ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലുമായി ആറു വര്‍ഷത്തോളമായി സോഫ്റ്റ് ബോളില്‍ പരിശീലനം നടത്തി വരുന്നു. കോച്ച് ടെന്നിസണ്‍ പി ജോസിന്റെ കീഴിലാണ് പരിശീലനം. എം ജി യൂണിവേഴ്‌സിറ്റി ടീമിന്റെ ഭാഗമായി ഓള്‍ ഇന്ത്യാ മത്സരത്തില്‍ മനീഷ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഓപ്പണ്‍ സെലക്ഷനിലൂടെയാണ് ദേശീയ ടീമില്‍ എത്തിയത്. 

മനീഷയുടെ പിതാവ് ജോസുകുട്ടി ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളജിലെ ഹോസ്റ്റല്‍ വാര്‍ഡനാണ്. മാതാവ് ഷൈനി ജോസ് മാലിദ്വീപില്‍ സ്‌കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. സഹോദരന്‍ ജസ്റ്റിന്‍ (യു കെ), സഹോദരി ഷീബ (ജര്‍മ്മനി) എന്നിവര്‍ വിദ്യാര്‍ഥികളാണ്.