ബ്രിസ്ബേന്‍: ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന് ആര്. അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രിസ്ബേനില്‍ ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനു പിന്നാലെയാണ് 38 കാരനായ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ അറിയിച്ചത്. ഗാബ ടെസ്റ്റിന്റെ ഭാഗമായിരുന്നില്ലെങ്കിലും അഡ്ലെയ്ഡില് നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ താരം കളിച്ചിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ താരമെന്ന നിലയില്‍ തന്റെ അവസാന ദിനമാണ് ഇതെന്ന് മത്സരത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിന് ക്യാ്ര്രപന്‍ രോഹിത് ശര്‍മയ്ക്കൊപ്പം എത്തിയ അശ്വിന് പറഞ്ഞു.
ബിസിസിഐയ്ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്. അതില്‍ കുറച്ചുപേരുടെ പേരെടുത്തു പറയേണ്ടതുണ്ട്. രോഹിത്, കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയവരാണ് മികച്ച ക്യാച്ചുകളിലൂടെ തന്റെ പേരിലുള്ള വിക്കറ്റുകളില്‍ ഏറെയും സമ്മാനിച്ചതെന്നും അശ്വിന് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ അശ്വിന് 2011 നവംബര്‍ ആറിന് ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 537 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ 132 ടെസ്റ്റുകളില്‍നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനാണ് അശ്വിന്.
ടെസ്റ്റില്‍ 37 തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്, ഇക്കാര്യത്തില്‍ ഇതിഹാസ താരം ഷെയ്ന് വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ചുവിക്കറ്റ് നേട്ടമുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
ടെസ്റ്റില്‍ ആറു സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും സഹിതം 3503 റണ്‍സാണ് അശ്വിന്റെ സമ്പാദ്യം. ഒരേ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചുറികളും അഞ്ച് വിക്കറ്റും എന്ന നേട്ടം നാലുതവണ സ്വന്തം പേരിലാക്കി.
കൂടാതെ, 116 ഏകദിനങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും 65 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 72 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 63 ഇന്നിംഗ്സുകളില്‍നിന്ന് 16.44 ശരാശരിയില്‍ 707 റണ്‍സും ട്വന്റി 20യില്‍ 19 ഇന്നിംഗ്സുകളില്‍നിന്ന് 26.29 ശരാശരിയില്‍ 184 റണ്‍സും നേടി
ആര്. അശ്വിന് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു